എൻ.ഐ.എച്ച്.ആർ കർമപദ്ധതി പ്രഖ്യാപിച്ചു
text_fieldsമനാമ: നാഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) 2022-2025 വർഷത്തെ കർമപദ്ധതി പ്രഖ്യാപിച്ചു. വിവിധ മനുഷ്യാവകാശ സംഘടന പ്രതിനിധികളുമായി ഓൺലൈനിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രസിഡന്റ് അലി അഹ്മദ് അൽ ദെരാസിയാണ് കർമപദ്ധതി അവതരിപ്പിച്ചത്. എൻ.ഐ.എച്ച്.ആർ സ്ഥാപിക്കുകയും രാജ്യത്തെ മനുഷ്യാവകാശ വിഷയങ്ങൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുകയെന്ന ദേശീയ താൽപര്യത്തിൽ വിശ്വസിക്കുകയും ചെയ്ത രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബഹ്റൈനിലെ മനുഷ്യാവകാശത്തെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെയും അദ്ദേഹം അഭിനന്ദിച്ചു.
പുതിയ കർമപദ്ധതിയുടെ ലക്ഷ്യങ്ങൾ എൻ.ഐ.എച്ച്.ആർ കമീഷണേഴ്സ് കൗൺസിൽ അംഗം ഡോ. ഹൂറിയ അൽ ദൈരി വിശദീകരിച്ചു. കോവിഡ് മഹാമാരി ദേശീയ സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ പ്രത്യാഘാതം മറികടക്കുകയാണ് ആദ്യ ലക്ഷ്യം. മനുഷ്യാവകാശങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, എല്ലാ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മേഖലകളിലും തുല്യ ലിംഗനീതി ഉറപ്പുവരുത്തുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും സാധ്യമായ ഉയർന്ന ആരോഗ്യനിലവാരം ലഭ്യമാക്കുകയാണ് കർമപദ്ധതി മുന്നോട്ടുവെക്കുന്ന പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.