‘നിനവ് 2024’ നൃത്ത-സംഗീതനിശ അരങ്ങേറി
text_fieldsമസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം ‘നിനവ് 2024’ റൂവിയിലെ അൽ ഫലാജ് ഹോട്ടലിൽ നടന്നു. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരത്തിലേറെ മലയാളികളാണ് പരിപാടി കാണാനെത്തിയത്. പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ആശ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും വയലിന്തന്ത്രികളിലെ മാന്ത്രിക കലാകാരൻ പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനുമാണ് അരങ്ങേറിയത്. ശബരീഷ് വയലിനിൽ തീർത്ത ഈണങ്ങൾക്കനുസരിച്ച് ആശ ശരത്തും പ്രശസ്ത കൊറിയോഗ്രാഫർ ബിജു ധ്വനിതരംഗും ചേർന്ന് അവതരിപ്പിച്ച നൃത്തം കാണികൾക്ക് വേറിട്ടൊരനുഭവമായി.
വൈകീട്ട് ഏഴു മണിക്ക് ആരംഭിച്ച ഔദ്യോഗിക ചടങ്ങിൽ കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, എൻഹാൻസ്മെന്റ് ആൻഡ് ഫെസിലിറ്റീസ് സെക്രട്ടറി വിൽസൺ ജോർജ്, ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ നിധീഷ് കുമാർ, സാമൂഹിക പ്രവർത്തകൻ കെ.കെ സുനിൽകുമാർ മുതലായവർ സംബന്ധിച്ചു. കേരള വിഭാഗം കോ. കൺവീനർ കെ.വി. വിജയൻ സ്വാഗതവും ട്രഷറർ അംബുജാക്ഷൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ കഴിഞ്ഞ നവംബറിൽ കേരള വിഭാഗം നടത്തിയ യുവജനോത്സവ മത്സരവിജയികൾക്കുള്ള സമ്മാനദാനവും നടന്നു. ശബരീഷ് പ്രഭാകറും ബിജു ധ്വനിതരംഗും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.