ഒമ്പത് ദിവസം പെരുന്നാൾ അവധി: പ്രവാസികൾ നാട്ടിലേക്ക്
text_fieldsമസ്കത്ത്: ഒമാനിലെ സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് നീണ്ട പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നിരവധി പേർ നാട്ടിലേക്ക് പോവാനൊരുങ്ങുന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കും ഉയർന്നു. മേയ് ഒന്നു മുതൽ അഞ്ച് വരെയാണ് പെരുന്നാൾ അവധിയെങ്കിലും രണ്ട് വാരാന്ത്യ അവധികളും ചേർത്ത് സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് ഒമ്പത് ദിവസം അവധിയാണ് ലഭിക്കുന്നത്.
ഇതോടെയാണ് നിരവധി പേർ നാട്ടിൽ പോവാൻ ഒരുങ്ങുന്നത്. ഒറ്റക്ക് താമസിക്കുന്നവരാണ് അവധി ഉപയോഗപ്പെടുത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പോവുന്നത്. എന്നാൽ അവധി പ്രഖ്യാപിച്ചതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നു. അവധി പ്രഖ്യാപിക്കുന്നതിന് മുമ്പുവരെ കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾക്ക് കുറഞ്ഞ നിരക്കായിരുന്നു. ഏപ്രിൽ 19 മുതൽ ഏപ്രിൽ അവസാനം വരെ കേരളത്തിലെ എല്ലാ സെക്ടറിലും ഒരു ഭാഗത്തേക്ക് മാത്രം 50 റിയാലിനടുത്തായിരുന്നു ടിക്കറ്റ് നിരക്ക്. നിരവധി പേർ ഈ അവസരം ഉപയോഗപ്പെടുത്തി ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിൽ അടക്കം എല്ലാ വിമാനങ്ങളിലും അവധി ആരംഭിക്കുന്ന ഏപ്രിൽ 29 നും അവധി അവസാനിക്കുന്ന മേയ് ഏഴിനും ഉയർന്ന നിരക്കാണുള്ളത്. മറ്റ് പല ദിവസങ്ങളും 58 റിയാൽ മാത്രം ഈടാക്കുന്ന എയർ ഇന്ത്യ എക്സ് പ്രസ് അവധി ആരംഭിക്കുന്ന വ്യാഴാഴ്ച രാത്രി 10നുള്ള മസ്കത്ത്-കണ്ണൂർ വിമാനത്തിന് 140 റിയാലാണ് ഈടാക്കുന്നത്. ഇതേ വിമാനത്തിൽ ഏഴാം തീയതി തിരിച്ചു വരുന്നതിന് 108 റിയാലുമാണ് നിരക്ക്.
കൊച്ചിയിലേക്കുള്ള വിമാന നിരക്കും വെള്ളിയാഴ്ച 118 റിയാലാണ്. അവധി കഴിഞ്ഞ് തിരിച്ചു വരുേമ്പാൾ ടിക്കറ്റിന് 91 റിയാൽ നൽകേണ്ടി വരും. മറ്റു പല ദിവസങ്ങളിലും മസ്കത്ത്-കൊച്ചി സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന് 44 റിയാൽ വരെയായി കുറയുന്നുണ്ട്. കോഴിക്കോട്ടേക്കുള്ള നിരക്കുകളും കുത്തനെ ഉയരുകയാണ്. അവധി ആരംഭിക്കുന്ന വെള്ളിയാഴ്ച 103 റിയാലാണ് കോഴിക്കോട്ടേക്കുള്ള നിരക്ക്. ഏഴാം തീയതി തിരിച്ചു വരുന്നതിന് 97 റിയാലാണ് കോഴിക്കോട്ട് നിന്നുള്ള നിരക്ക്. അവധി ആരംഭിക്കുന്ന വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് 147 റിയാലാണ് എയർ ഇന്ത്യ നിരക്ക്. ഏഴാം തീയതി തിരിച്ച് വരുേമ്പാൾ 105 റിയാലും നൽകണം.
ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നതോടെ അവധി ആഘോഷിക്കാൻ ഇന്ത്യയിലേക്ക് പോവുന്നവർ പലരും ആശയക്കുഴപ്പത്തിലാണ്. ഉയർന്ന ശമ്പളവും മറ്റ് ആനുകൂല്യവുമുള്ളവർ ഉയർന്ന നിരക്കുകൾ നൽകി നാട്ടിൽ പോവാൻ തയാറാണെങ്കിലും ഇടത്തരക്കാരും കുറഞ്ഞ വരുമാനക്കാരും ഉയർന്ന നിരക്കുകൾ നൽകി ടിക്കറ്റെടുക്കില്ല. ഇവരിൽ പലരും തീരുമാനം മാറ്റി കഴിഞ്ഞു. ഇത്തരക്കാരും ഒമാനിൽ തന്നെ അവധി ആഘോഷിക്കാനുള്ള ചിന്തയിലാണ്. ഇവരിൽ പലരും യു.എ.ഇ അടക്കമുള്ള അയൽ രാജ്യങ്ങളിലേക്കും അവധി ആഘോഷിക്കാൻ പോവും. നീണ്ട അവധി ആയതിനാൽ യു.എ.ഇ യിലേക്ക് പോവുന്നവരുടെ എണ്ണം വർധിക്കും. അതിനാൽ അതിർത്തിയിൽ തിരക്ക് വർധിക്കാനും സാധ്യതയുണ്ട്. ഖത്തറിൽ ലോകകപ്പ് നടക്കുന്നതിന്റെ മുന്നോടിയായി വിസ നിയമങ്ങൾ കർശനമാക്കിയതിനാൽ ഖത്തറിൽ പോവുന്ന യാത്രക്കാരുടെ എണ്ണം തീരെ കുറയും.
Heading
Content Area
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.