നിസ്വ ഫോർട്ട് ഫെസ്റ്റിവൽ സമാപിച്ചു
text_fieldsമസ്കത്ത്: അഞ്ച് ദിവസം നീണ്ട നിസ്വ ഫോർട്ട് ഫെസ്റ്റിവൽ സമാപിച്ചു. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ നിസ്വ ഫോർട്ടിന്റെ നടത്തിപ്പ് കമ്പനിയായ ബവാദർ ഇന്റർനാഷനലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് ശേഷമുള്ള പരിപാടിയായതിനാൽ നിരവധി ആളുകളാണ് ഫെസ്റ്റിവെലിലേക്ക് ഒഴുകിയത്. ഗവർണറേറ്റുകളിലുടനീളം ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായായിരുന്നു ഫെസ്റ്റിവൽ.
നിസ്വ കോട്ടയുടെ ചരിത്രവും പൈതൃകവും ജനങ്ങളെ പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് ബവാദറിലെ അഹമ്മദ് അൽ യാറൂബി പറഞ്ഞു.
എല്ലാവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഒമാനിലെ മറ്റ് ഗവർണറേറ്റുകളിൽനിന്ന് കൂടുതൽ സന്ദർശകരെ ആകർഷിക്കുക, ഹെറിറ്റേജ് സത്രങ്ങളിലും ഹോട്ടലുകളിലും താമസക്കാരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയവയാണ് ഫെസ്റ്റിവലിന്റെ പ്രധാന ലക്ഷ്യങ്ങൾ. തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്നതിനായി ചെറുകിട സംരംഭകരും പരിപാടികളിൽ പങ്കാളികളായിരുന്നു.
ഇബ്രി യൂത്ത് ട്രൂപ്പിന്റെ റിബൽ പ്ലേ, അൽ ഷഹ്ബയുടെ അൽ തനൂർ, കാസിൽ തിയറ്ററിലെ അൽ ഹിലാൽ ട്രൂപ്പിന്റെ ഹൗസ് ഗെയിമുകൾ എന്നിങ്ങനെ മൂന്ന് നാടകങ്ങളും ഫെസ്റ്റിെവലിൽ അരങ്ങേറി. സർക്കാർ സ്ഥാപനങ്ങൾ, ചെറുകിട ഇടത്തരം കമ്പനികൾ, പ്രാദേശിക കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള 300ലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.