നിസ്വ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
text_fieldsമസ്കത്ത്: നിസ്വയിൽ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ ഞായറാഴ്ച നാട്ടിലെത്തിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച പുലർച്ചെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാൻ എയറിന്റെ വിമാനത്തിൽ കൊണ്ടുപോകുന്ന മജിദയുടെ മൃതദേഹം നെടുമ്പാശ്ശേരിയിലും ഷർജയുടേത് തിരുവനന്തപുരം എയർപോർട്ടുകളിലുമാണ് എത്തിക്കുക.
ഇരുവരുടേയും മൃതദേഹങ്ങളെ ഭർത്താക്കന്മാർ അനുഗമിച്ചിരുന്നു. അപകടവിവരം അറിഞ്ഞുകഴിഞ്ഞ ദിവസമാണ് ഇവർ നാട്ടിൽ നിന്നെത്തിയത്. അതേസമയം, പരിക്കേറ്റ് ആശുപത്രിൽ കഴിഞ്ഞിരുന്ന മലയാളികളായ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നിവർ സുഖം പ്രാപിച്ച് വരുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തിൽ തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത നിസ്വ കെ.എം.സി.സി, കൈരളി, നഴ്സസ് കൂട്ടായ്മ, നിസ്വ ഹോസ്പിറ്റലിലെ ഒമാനി ജീവനക്കാർ, ആർ.ഒ.പി എന്നിവരോട് നന്ദി അറിയിക്കുന്നെന്ന് നിസ്വ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
ദാഖിലിയ ഗവർണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപകടത്തിൽ ഈജിപ്തുകാരി അമാനിയും മരിച്ചിരുന്നു. വ്യഴാഴ്ച ഉച്ചക്ക് മൂന്നുമണിയോടെ മസ്കത്ത്-ഇബ്രി ഹൈവേയിലായിരുന്നു ദാരുണ അപകടം. നിസ്വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ചുകടന്ന് മറു ഭാഗത്തേക്ക് കടക്കാൻ ഡിവൈഡറിൽ കാത്തു നിൽക്കവേ, കൂട്ടിയിടിച്ച രണ്ടുവാഹനങ്ങൾ നിയന്ത്രണംവിട്ട് ഇവരുടെമേൽ പാഞ്ഞുകയറുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.