ഇന്ത്യൻ സ്കൂൾ; ഈ വർഷം ഇന്ത്യക്കാരല്ലാത്തവർക്ക് പ്രവേശനം നൽകില്ല
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ പ്രവേശനം കോവിഡിനു മുേന്നയുള്ള നിലയിലേക്കെത്തിത്തുടങ്ങിയതോടെ മറ്റു വിദേശികളുടെ മക്കൾക്ക് നൽകിയിരുന്ന അഡ്മിഷൻ അധികൃതർ നിർത്തിവെച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾക്ക് കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ബോർഡ് തുടക്കമിട്ടിരുന്നു. ജനുവരി 21മുതൽ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങുമെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇന്ത്യക്കാരല്ലാത്തവരുടെ മക്കൾക്ക് ഈ വർഷം പ്രവേശനം നൽകില്ല. ഇന്ത്യൻ പ്രവാസികളുടെ മക്കളിൽനിന്ന് തന്നെ കഴിഞ്ഞ വർഷം നല്ല അഡ്മിഷൻ ലഭിച്ചിരുന്നു. അതുകൊണ്ടാണ് പുതിയ അധ്യായനവർഷത്തിൽ ഇന്ത്യക്കാരല്ലാത്തവരുടെ മക്കൾക്ക് അഡ്മിഷൻ നൽകുന്നത് നിർത്തിവെച്ചിരിക്കുന്നതെന്ന് സ്കൂൾ ബോർഡുമായി ബന്ധപ്പെട്ടവർ അറിയിച്ചു. കോവിഡിനെത്തുടർന്ന് കുട്ടികൾ കുറവായതോടെ 2000ലാണ് ബോർഡിനു കീഴിൽവരുന്ന നഗരിയിലെ ഏഴ് സ്കുളുകളിൽ ഇതര പ്രവാസികളുടെ മക്കൾക്കു പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ മൂന്നുവർഷവും താരതമ്യേനേ ഈ വിഭാഗങ്ങളിൽനിന്ന് അഡ്മിഷൻ ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാർക്ക് നൽകിയതിനുശേഷം സീറ്റ് ലഭ്യതക്കനുസരിച്ചായിരുന്നു അഡ്മിഷൻ കൊടുത്തിരുന്നത്.
കഴിഞ്ഞവർഷം തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളിൽ പ്രവേശനം നേടിയത് 4677 കുട്ടികളായിരുന്നു. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകളിലെ കെ.ജിമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലാണ് ഇത്രയും വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയത്. ഈ വർഷവും ഇതിനു മുകളിൽ പ്രവേശനം ലഭിക്കുമെന്നു തന്നെയാണ് സ്കൂൾ ബോർഡ് കണക്കുകൂട്ടുന്നത്.
കോവിഡ് സമയത്ത് സാമ്പത്തിക ഞെരുക്കത്തെതുടർന്ന് നിരവധി കുടുംബങ്ങൾ നാട്ടിലേക്കു തിരിച്ചിരുന്നു. ചിലരാകട്ടെ വിദ്യാർഥികളെ പഠനത്തിനായി നാട്ടിലേക്ക് അയക്കുകയും ചെയ്തു. കോവിഡ് വരുത്തിവെച്ച വിനയിൽ കുടുംബ ബജറ്റ് താളംതെറ്റിയതോടെയായിരുന്നു പല പ്രവാസികളും ഇത്തരം കടുത്ത തീരുമാനങ്ങളെടുത്തത്. ഇതോടെയാണ് ഇന്ത്യൻ സ്കൂളുകളിൽ കുട്ടികൾ കൊഴിഞ്ഞു തുടങ്ങിയത്. എന്നാൽ, കോവിഡ് മുക്തമാകുകയും സാമ്പത്തിക രംഗത്ത് ഉണർവ് വീണ്ടെടുക്കുകയും ചെയ്തതോടെ നിരവധിപേർ കുടുംബത്തെ വീണ്ടുംകൊണ്ടുവന്നിട്ടുണ്ട്. കൂടാതെ ഫാമിലി വിസക്കുള്ള അടിസ്ഥാന ശമ്പള നിരക്ക് കുറച്ചതും കൂടുതൽ പ്രവാസി കുടുംബങ്ങൾ സുൽത്താനേറ്റിൽ എത്തുന്നതിനു സഹായകമാവുകയും ചെയ്തു.
അതേസമയം, ഇന്ത്യൻ സ്കൂൾ ഡയറക്ടർബോർഡിനു കീഴിൽ തലസ്ഥാന നഗരിയിലേയും പരിസര പ്രദേശങ്ങളിലുമുള്ള ഏഴ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷനായി ഈ വർഷം ഫെബ്രുവരി 24വരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 2024 ഏപ്രിൽ ഒന്നിന് മൂന്ന് വയസ് പൂർത്തിയായ കുട്ടികൾക്കായിരിക്കും കിന്റർഗാർഡൻ പ്രവേശനത്തിനു അർഹതയുണ്ടാവുക. ഇന്ത്യൻ സ്കൂൾ വാദി കബീർ, ഇന്ത്യൻ സ്കൂൾ ഗുബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലേക്ക് (കേംബ്രിഡ്ജ് സിലബസ്) അഡ്മിഷൻ ആഗ്രഹിക്കുന്നവരും ഓൺലൈനിലൂടെതന്നെ അപേക്ഷിക്കണം. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനം ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ (സി.എസ്.ഇ) ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.