ഇന്ത്യൻ കയറ്റുമതി നിരോധന നയത്തിൽ മാറ്റമില്ല; ഒമാനിൽ ഉള്ളി വില ഇനിയും ഉയർന്നേക്കും
text_fieldsമസ്കത്ത്: ഉള്ളി കയറ്റുമതി നയത്തിൽ യാതൊരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാർച്ച് 31വരെ തുടരുമെന്നുമുള്ള ഇന്ത്യൻ ഉപഭോക്തൃ കാര്യ സെക്രട്ടറി റോഹിത് കുമാർ സിങ്ങിന്റെ പ്രസ്താവന ഒമാനിൽ ഉള്ളി വില ഉയരാൻ കാരണമാക്കും. ഇന്ത്യൻ ഉള്ളി നിലച്ചതോടെ പാകിസ്താൻ ഉള്ളിയാണ് വിപണി പിടിച്ചിരുന്നത്. എന്നാൽ, പാകിസ്താൻ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. റമദാൻ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ഉപയോഗം ഗണ്യമായി ഉയരും. അതിനാൽ ഇന്ത്യയുടെ കയറ്റുമതി നിരോധന അവസാനിപ്പിച്ചില്ലെങ്കിൽ വില ഇനിയും ഉയരാൻ കാരണമാക്കുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ സുഡാൻ, യമൻ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ ഉള്ളിയാണ് വിപണിയിലുള്ളത്.
വിദേശ രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനത്തിന് അയവ് വരുത്തുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ആറ് രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതി പുനരാരംഭിക്കുമെന്നാണ് വാർത്തകൾ വന്നിരുന്നത്. ബംഗ്ലദേശ്, ശ്രീലങ്ക, മൊറീഷ്യസ്, ഭൂട്ടാൻ, ബഹ്റൈൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കുള്ള ഉള്ളി കയറ്റുമതിയാണ് പുനരാരംഭിക്കുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. മൂന്ന് ലക്ഷം മെട്രിക് ടൺ ഉള്ളി കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോർട്ട് ചെയ്തിരുന്നത്. വാർത്തകൾ പ്രചരിച്ചതോടെ വില ഒറ്റ ദിവസം കൊണ്ട് ക്വിന്റലിന് 1280 രൂപയിൽനിന്ന് 1800 രൂപയായി വർധിച്ചു.
ഉള്ളി കൃഷി മേഖലയിൽ പെയ്ത ശക്തമായ മഴ ഉൽപാദനം കുറക്കാൻ കാരണമാക്കിയിരുന്നു. ഇതോടെ ഇന്ത്യൻ മാർക്കറ്റിൽ ഉള്ളി വില ഉയരാൻ തുടങ്ങി. വില പിടിച്ച് നിർത്തുന്നതിന്റെ ഭാഗമായി ഉള്ളിക്ക് 40 ശതമാനം കയറ്റുമതി നികുതിയാണ് ആദ്യം ഏർപ്പെടുത്തിയിരുന്നു. ഇത് ഫലിക്കാതെ വന്നപ്പോൾ കഴിഞ്ഞ വർഷം ഒക്ടോബർ 29ന് മെട്രിക് ടൺ ഉള്ളിക്ക് 800 ഡോളർ കയറ്റുമതി നികുതി ഏർപ്പെടുത്തി. എന്നിട്ടും വില വർധന പിടിച്ച് നിർത്താൻ കഴിയാതെ വന്നതോടെ കഴിഞ്ഞ വർഷം ഡിസംബർ ഏഴിന് കയറ്റുമതി പൂർണമായി നിരോധിക്കുകയായിരുന്നു. കയറ്റുമതി നിരോധനം ഇന്ത്യയിലെ കർഷകർക്കും വ്യാപാരികൾക്കും വൻ തിരിച്ചടിയായിരുന്നു. നാട്ടിലെ മാർക്കറ്റിലും വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.
ഇതോടെ കർഷകരും വ്യാപാരികളും കയറ്റുമതി നിരോധനം ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിക്കാനും തുടങ്ങി. ഇന്ത്യയുടെ കയറ്റുമതി നിരോധനം ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഉള്ളി വരവ് നിലച്ചതോടെ ഒമാനിൽ വില കുത്തനെ ഉയരാൻ തുടങ്ങിയിരുന്നു. നിലവിൽ 700 ബൈസയാണ് ഒരു കിലോ ഉള്ളി വില. ഇറാൻ, ഈജിപ്ത്, ചൈന അടക്കമുള്ള രാജ്യങ്ങളുടെ ഉള്ളി വിപണിയിലുണ്ടെങ്കിലും ഗുണനിലവാരത്തിൽ ഇവയൊന്നും ഇന്ത്യൻ ഉള്ളിക്ക് ഒപ്പമെത്തില്ല. ഉള്ളി വിലയിൽ മൂന്നിരട്ടി വർധനവുണ്ടായതോടെ അടുക്കളയിൽ ഉള്ളി ഉപയോഗം പരമാവധി കുറച്ചാണ് പലരും ചെലവുകർ കുറച്ചത്. ഇത് ഉള്ളിയുടെ വിപണനത്തെയും ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളിലും മറ്റും ഉള്ളി ഉപയോഗം പരമാധി കുറക്കുകയും ചെയ്തിരുന്നു. സലാഡിലും മറ്റും ഉള്ളി അപ്രത്യക്ഷമായതും ഉയർന്ന വില കാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.