ഇ-പേമെൻറ് സേവനമൊരുക്കിയില്ല: 18 കടകൾക്കെതിരെ കേസ്
text_fieldsമസ്കത്ത്: ഉപഭോക്താക്കൾക്ക് ഇ-പേമെൻറ് സേവനങ്ങൾ ഒരുക്കാത്തതുമായി ബന്ധപ്പെട്ട് 18 കടകൾക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു.
വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ടീമുകൾ വാണിജ്യ ഔട്ട്ലെറ്റുകൾ, വ്യാവസായിക വർക്ക്ഷോപ്പുകൾ, കടകൾ എന്നിവയിൽ നടത്തിയ പരിശോധനയിലാണ് ഇ-പേമെന്റ് സേവനം ഒരുക്കാത്തതായി കണ്ടെത്തിയത്. ഇതേതുടർന്നാണ് അധികൃതർ നടപടിയെടുത്തിരിക്കുന്നത്.
2022 ജനുവരിയിലാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ-പേമെൻറ് സംവിധാനം അധികൃതർ നിർബന്ധമാക്കി തുടങ്ങിയത്. ഇതനുസരിച്ച് പല സ്ഥാപനങ്ങളും ഇ-പേമെൻറ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇതുവരെയും സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ എടുത്തുകൊണ്ടിരിക്കുന്നത്. ഫുഡ് സ്റ്റഫ് സ്ഥാപനങ്ങൾ, സ്വർണം-വെള്ളി വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റാറൻറുകൾ, കഫേകൾ, പച്ചക്കറി പഴ വർഗ വ്യാപാര സ്ഥാപനങ്ങൾ, ഇലക്ട്രോണിക് സ്ഥാപനങ്ങൾ, കെട്ടിട നിർമാണ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായ മേഖല, കോംപ്ലക്സുകൾ, മാളുകൾ, ഗിഫ്റ്റ് ഇനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയിലാണ് ഇ-പേമെൻറ് സംവിധാനം നടപ്പാക്കിയത്.
ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമെ, പണമിടപാടിലെ സുരക്ഷ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇ-പേമെൻറ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
മോഷണം, വഞ്ചന, വ്യാജ ബില്ലിങ് എന്നിവ തടയലും ഇതിന്റെ ലക്ഷ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.