ഒമാനിലും പരീക്ഷ സെന്ററില്ല; നീറ്റലായി നീറ്റ്
text_fieldsമസ്കത്ത്: ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രൻസ് ടെസ്റ്റിന് ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് ഒമാനിലെ വിദ്യാർഥികൾക്കും തിരിച്ചടിയായി. നീറ്റ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പട്ടികയിൽ ഇന്ത്യക്ക് പുറത്ത് പരീക്ഷാ കേന്ദ്രങ്ങളില്ല. ഇതോടെ ഒമാനടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ഇന്ത്യയിൽ പോയി പരീക്ഷ എഴുതേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
21 ഇന്ത്യൻ സ്കൂളുകളുള്ള ഒമാനിൽ നീറ്റ് പരീക്ഷക്ക് കേന്ദ്രം അനുവദിക്കണമെന്ന് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നിരന്തര മുറവിളികൾക്ക് ഫലമായി 2022ലാണ് ആദ്യമായിട്ട് സെന്റർ അനുവദിക്കുന്നത്. നേരത്തെ വിദ്യാർഥികൾ നീറ്റ് പരീക്ഷക്ക് ഇന്ത്യയിലേക്കോ യു.എ.ഇയിലേക്കോ ആണ് പോകാറുണ്ടായിരുന്നത്.
പ്രവാസികളുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. വിഷയത്തിൽ സത്വര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി അധികൃതരുമായി സാമൂഹികപ്രവർത്തകർ ചർച്ച നടത്തുകയും ചെയ്തിരുന്നു. കേന്ദ്രം അനുവദിച്ചതോടെ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 400ലധികം വിദ്യാർഥികൾ പരീക്ഷ എഴുതിയതായാണ് കണക്കാക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷ കേന്ദ്രം. സൂർ, സലാല പോലെയുള്ള ഒമാന്റെ ദൂരദിക്കുകളിൽനിന്ന് തലസ്ഥാന നഗരിയിലേക്ക് എത്തിപ്പെടാൻ പ്രയാസമാണെന്നും രാജ്യത്തെ മറ്റൊരു സ്ഥലത്ത് ഒരു പരീക്ഷ കേന്ദ്രംകൂടി അനുവദിക്കണമെന്നുമുള്ള രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും മുറവിളിക്കിടെയാണ് നിലവിൽ അനുവദിച്ച കേന്ദ്രംകൂടി ഇല്ലാതായിരിക്കുന്നത്.
തീർത്തും പ്രതിഷേധാർഹമായ നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് വിവിധ പ്രവാസി സംഘടനകൾ ചൂണ്ടിക്കാണിച്ചു. ഉടൻതന്നെ കേന്ദ്രം പുനഃസ്ഥാപിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
വിദേശ രാജ്യങ്ങളിലും പരീക്ഷകേന്ദ്രം അനുവദിക്കണം-കൈരളി ഒമാന്‍
മസ്കത്ത്: നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രം കേന്ദ്രം അനുവദിക്കണമെന്ന് കൈരളി ആർട്സ് ക്ലബ് ഒമാൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും രക്ഷിതാക്കളിലും വിദ്യാർഥികളിലും വലിയ മനസിക സമ്മർദവും ഇത് സൃഷ്ടിക്കും. അതൊഴിവാക്കാൻ മുൻവർഷങ്ങളിലേതുപോലെ ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കണം.
മുൻവർഷങ്ങളിലെ കണക്കുകളുടെ വെളിച്ചത്തിൽ ഒമാനിൽ നിന്നുമാത്രം അഞ്ഞൂറോളം പരീക്ഷാർഥികൾ നീറ്റ് പരീക്ഷക്കായി തയാറെടുക്കുന്നുണ്ട്. ഇതുപോലുള്ള അനേകം കുട്ടികളിൽ മാനസിക സമ്മർദം കൂട്ടാൻ മാത്രമേ കേന്ദ്രസർക്കാറിന്റെ ഈ നടപടി സഹായിക്കുകയുള്ളൂവെന്നും എത്രയും പെട്ടെന്ന് ഈ തീരുമാനത്തിൽ നിന്നും അധികാരികൾ പിൻവലിയണമെന്നും കൈരളി ഒമാൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പരീക്ഷകേന്ദ്രം നിലനിർത്തണം –ഒ.ഐ.സി.സി
മസ്കത്ത്: നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർഥികളെ സമ്മദത്തിലാക്കരുതെന്നും അധികാരികൾ കണ്ണുതുറക്കണമെന്നും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിയാസ് ചെണ്ടയാട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രവാസലോകത്തുനിന്നും പരീക്ഷ എഴുതാനുള്ള സാഹചര്യം നിലനിർത്തണം. വിദ്യാർഥികളെ വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള തീരുമാനം. അധികാരികൾ തിരുത്തും എന്നുതന്നെയാണ് പ്രതീക്ഷ. അല്ലാത്ത പക്ഷം രക്ഷിതാക്കളെയും വിദ്യാർഥികളെയും അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുന്നതോടൊപ്പം നിയമപരമായ ഉപദേശങ്ങളും തേടും. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.