രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല - ആരോഗ്യമന്ത്രാലയം
text_fieldsമസ്കത്ത്: രാജ്യത്ത് ഇതുവരെ കുരങ്ങുപനിയുടെ സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ ഒരു കേസും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും പൂർണമായി നേരിടാൻ തയാറാണെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങുപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് വരുന്നവരുമായി, പ്രത്യേകിച്ച് ചുണങ്ങോ ചർമരോഗങ്ങളോ ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം.
രോഗം പകരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വദേശികളും വിദേശികളും സ്വീകരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്‌ക് ധരിക്കുക, സാനിറ്റൈസറും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ശുചീകരിക്കുക തുടങ്ങിയ ആരോഗ്യശീലങ്ങൾ തുടരുന്നത് നല്ലതാണ്. ഔദ്യോഗിക ഉറവിടങ്ങളിനിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലുമായി നിരവധി രാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ ജാഗ്രതാ നിർദേശം നൽകിയത്.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒരു ഡസൻ രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വ്യാപനഭീഷണിയില്ല.യു.കെയുടെ നാഷനൽ ഹെൽത്ത് സർവിസ് പറയുന്നതനുസരിച്ച് കുരങ്ങുപനി ഒരു അപൂർവ വൈറൽ അണുബാധയാണ്.
സാധാരണയായി ബാധിക്കുന്ന ഈ രോഗത്തിൽനിന്ന് മിക്ക ആളുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖംപ്രാപിക്കും. നേരത്തേ ആഫ്രിക്കയിൽ മാത്രമായിരുന്നു കുരങ്ങുപനി കണ്ടെത്തിയിരുന്നത്. പിന്നീട് യൂറോപ്പിലും അമേരിക്കയിലും കേസ് റിപ്പോർട്ടു ചെയ്തു. ഇന്ത്യയിലടക്കം ഇപ്പോൾ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഈ രോഗം 1980ൽ ഉന്മൂലനം ചെയ്യപ്പെട്ട വസൂരി രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളതാണ്.
കുരങ്ങുപനിക്ക് പ്രത്യേകം വാക്സിനേഷനൊന്നും നിലവിലില്ല. എന്നാൽ, നാലു പതിറ്റാണ്ടുകൾക്കുമുമ്പ് പൊട്ടിപ്പുറപ്പെട്ട വസൂരിയെ നിയന്ത്രിക്കുന്നതിന് ബ്രിട്ടീഷുകാർക്ക് നൽകിവന്ന വാക്സിൻ ഇതിന് 85 ശതമാനം ഫലപ്രദമാണ്. ഇതിനോടകം ഈ വാക്സിൻ ബ്രിട്ടനിൽ പരീക്ഷിച്ചുകഴിഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരുൾപ്പെടെ കുരങ്ങുപനി ബാധിച്ച 20 പേരിൽ കുത്തിവെപ്പ് നടത്തി രോഗവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ധർ.
എങ്ങനെ പ്രതിരോധിക്കാം?
അസുഖബാധിതരായ ആളുകളിൽനിന്ന് അകലം പാലിക്കുക അവരുപയോഗിക്കുന്ന നിത്യോപയോഗ വസ്തുക്കൾ സ്പർശിക്കാതിരിക്കുക ഏതെങ്കിലും സാഹചര്യത്തിൽ മൃഗങ്ങളുടെ കടിയോ മാന്തലോ ഏൽക്കാനിടയായാൽ സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക മൃഗങ്ങളെ തൊട്ടതിനുശേഷം കൈ വൃത്തിയായി സോപ്പും വെള്ളവും വെച്ച് കഴുകുക അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.