മസ്കത്തിൽനിന്ന് ഇനി പത്രാധിപർക്ക് രാമചന്ദ്രൻ നായരുടെ കത്തുകളില്ല
text_fieldsമസ്കത്ത്: മസ്കത്തിൽനിന്നും വിവിധ പത്രങ്ങളിലെ പത്രാധിപന്മാർക്കു ഒമ്പതിനായിരത്തിലധികം കത്തുകളെഴുതി ശ്രദ്ധേയനായ രാമചന്ദ്രൻ നായർ 34 വർഷത്തെ പ്രവാസജീവിതം അവാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1990ൽ സലാലയിൽ പ്രവാസജീവിതമാരംഭിച്ച് ബുറൈമിയിലും പിന്നീട് മസ്കത്തിലുമായി നീണ്ട 34 വർഷമാണ് രാമചന്ദ്രൻ നായർ ഒമാനിലുണ്ടായത്.
ഇതിനിടെ ഒമാനിലെയും വിവിധ ഗൾഫ് രാജ്യങ്ങളിലെയും വിവിധ പത്രങ്ങളിലേക്ക് രാമചന്ദ്രൻ നായർ എഴുതിയത് ഒമ്പതിനായിരത്തിലധികം കത്തുകൾ. പത്രാധിപന്മാർക്കുള്ള കത്തുകൾ എഴുത്ത് ആരംഭിക്കുന്നത് ഓമനിൽവെച്ചല്ല . ആദ്യം മുംബൈയിൽ ജോലി കിട്ടിയ സമയത്തുതന്നെ പത്രാധിപന്മാർക്ക് എഴുതിയിരുന്നു.
ടൈംസ് ഓഫ് ഇന്ത്യ’, ‘ടെലിഗ്രാഫ്’ ‘മിഡ് ഡേ’ തുടങ്ങിയ പത്രങ്ങളിൽ സ്ഥിരമായി എഴുതുന്ന ശീലമുണ്ടായിരുന്നു . ഒമാനിൽ ആദ്യമായി ബുറൈമിയിൽ എത്തിയതോടെ അവിടെ യു.എ.ഇ യിൽനിന്നുള്ള പത്രങ്ങൾ സ്ഥിരമായി കിട്ടുമായിരുന്നു. അങ്ങനെയാണ് അവിടേക്കുള്ള പത്രങ്ങളിലേക്ക് എഴുതിത്തുടങ്ങിയത്.
പിന്നീട് മസ്കത്തിലേക്കു വരുന്ന സമയത്താണ് ഒമാനിലെ പത്രങ്ങളിലും സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, എഴുതിയ പത്രങ്ങളിൽ പലതും കാലത്തിന്റെ കുത്തൊഴുക്കിൽ പ്രസിദ്ധീകരണം നിർത്തി. ശേഷിച്ചവയാകട്ടെ വളരെ പരിമിത സ്ഥലമേ ഇവർക്ക് നൽകുന്നുള്ളൂ.
സാമൂഹ മാധ്യമങ്ങൾ ഇന്ന് സജീവമാണെങ്കിലും വാർത്തയുടെ ആധികാരികതക്ക് വായനക്കാർ ഇന്നും പൂർണമായും ആശ്രയിക്കുന്നത് അച്ചടി മാധ്യമങ്ങളെ തന്നെയാണ്.
ഇതിനുള്ള പ്രധാന കാരണം സാമൂഹ മാധ്യമത്തിൽ ആർക്കും എന്തും എഴുതാം എന്നാൽ അച്ചടി മാധ്യമത്തിൽ പത്രാധിപർ അടക്കമുള്ള ഒരു സംഘം വിശദമായി പരിശോധിച്ച ശേഷമാണ് കത്തുകൾ പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നും വിശ്വാസ്യത അച്ചടി മാധ്യമത്തിന് തന്നെയാണെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
എഴുതിയ കത്തുകളിൽ പലതും സാമൂഹിക വിഷയങ്ങളിൽ ഉള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഒരാൾ എഴുതുന്ന കത്തുകളിൽതന്നെ ആരോഗ്യകരമായ ചർച്ചകൾ നടക്കുമായിരുന്നു. പല വിഷയങ്ങളിലും അധികൃതർ പരിഹാരങ്ങളും നടത്തിയിട്ടുണ്ട് .ഇതുവരെ എഴുതിയ എല്ലാ കത്തുകളും നിരവധി വാള്യങ്ങളായി സൂക്ഷിച്ചിട്ടുണ്ട് . നാട്ടിലെത്തിയാലും എഴുത്തിൽ സജീവമാകാനാണ് പദ്ധതി.
ഒന്നാം ഗൾഫ് യുദ്ധത്തിന്റെ അന്തരീക്ഷത്തിലാണ് ഒമാനിലെത്തുന്നത്. അതിനിടെ പലവിധ വെല്ലുവിളികളും ഗൾഫിൽ ഉണ്ടായിട്ടുണ്ട് എന്നാൽ അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ടുപോയ ചരിത്രമാണ് ഗൾഫിനും ഒമാനുമുള്ളത്. ഒമാനി ജനത നൽകിയ സ്നേഹം, സഹകരണം ഇവയൊന്നും മറക്കാൻ സാധിക്കില്ല അതുകൊണ്ടു തന്നെ മടങ്ങിപ്പോകുന്നതിൽ ഏറെ വിഷമമുണ്ട് .
മലപ്പുറം തിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ തന്റെ സാമൂഹിക നിരീക്ഷണത്തിൽനിന്നും നേടിയ അനുഭവ സമ്പത്തിൽനിന്നും രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കളുടെ കഥ പറയുന്ന ‘സ്മൃതിപഥങ്ങൾ’ ബാല്യത്തിൽ അനാഥത്വം പേറേണ്ടി വരുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ‘മൈ ലിറ്റിൽ ബ്രദർ’ എന്ന സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ഈയിടെ ചന്ദ്രനിൽ സ്ഥലം വാങ്ങിയും രാമചന്ദ്രൻനായർ ശ്രദ്ധനേടിയിരുന്നു . രജനിയാണ് ഭാര്യ . ബിരുദാനന്തര ബിരുദ വിദ്യാർഥിനി ആതിരയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.