വേതന സംരക്ഷണ സംവിധാനം പാലിക്കാതിരിക്കൽ; സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്ത 57,398 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഡബ്ല്യു.പി.എസ് സംവിധാനം നടപ്പിലാക്കിയിട്ട് ഒരു വർഷം തികയുന്ന പശ്ചാതലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഇടത്തരം, പ്രധാന സ്ഥാപനങ്ങൾക്ക് കഴിഞ്ഞ നവംബർ ഒമ്പതോടെ 50 ശതമാനവും ഈ വർഷം ജനുവരി ഒമ്പത് മുതൽ 100 ശതമാനവും കൈവരിക്കാൻ ആറുമാസത്തെ കാലയളവും നൽകിയിരുന്നു.
ചെറിയ സ്ഥാപനങ്ങൾക്ക് ലക്ഷ്യം പൂർത്തീകരിക്കാൻ ഈ വർഷം മാർച്ച് ഒമ്പതുമായിരുന്നു നൽകിയിരുന്നത്. വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ 50 റിയാൽ പിഴ ചുമത്തും. ആദ്യം മുന്നറിയിപ്പും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനവും താൽക്കാലികമായി നിർത്തിവെക്കും. പിന്നീടാണ് പിഴ ചുമത്തുക. തെറ്റ് ആവർത്തിക്കുകയാണെങ്കിൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും.
ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് എസ്.എം.എസ് വഴി മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്. ജനുവരി 10 മുതൽ മേയ് 16വരെ 186,817 എസ്.എം.എസുകളാണ് മന്ത്രാലയം അയച്ചിട്ടുള്ളത്. 66 പ്രധാന സ്ഥാപനങ്ങൾ, 536 ഇടത്തരം സ്ഥാപനങ്ങൾ, 10,659 ചെറുകിട സ്ഥാപനങ്ങൾ, 46,137 ചെറുകിട സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 57,735 സ്ഥാപനങ്ങൾ ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംവിധാനത്തിലൂടെ ശമ്പളം കൈമാറാൻ തയാറായിട്ടില്ല.
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ്, അതോറിറ്റി ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ വിവിധ ഗവർണറേറ്റുകളിലെ ജീവനക്കാർക്കും സനദ് ഓഫിസുകൾ / സെന്ററുകൾക്കും മന്ത്രാലയം ബോധവത്കരണ ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ സേവനം നൽകാൻ അംഗീകൃതവും അംഗീകാരമുള്ളതുമായ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്.
തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ ഡേറ്റാബേസ് സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ സുപ്രധാന ഘടകമായി ഡബ്ല്യു.പി.എസിനെ കണക്കാക്കുന്നു.
ഈ സംവിധാനം സുസ്ഥിരമായ തൊഴിലുടമ -തൊഴിലാളി ബന്ധം പ്രോത്സാഹിപ്പിക്കുകയും ഉൽപാദനക്ഷമത വർധിപ്പിക്കുകയും ചെയ്യും. വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറക്കാനും സഹായിക്കും.
തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനുള്ളിൽ ബാങ്കുകളിലേക്ക് മാറ്റാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളുടെ വേതനത്തിൽ എന്തെങ്കിലും മാറ്റം വരുമ്പോൾ തൊഴിലുടമ മന്ത്രാലയവുമായുള്ള തൊഴിൽ കരാറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എന്നാൽ ചില സന്ദർഭങ്ങളിൽ ഡബ്ല്യു.പി.എസിലൂടെ തൊഴിലാളിയുടെ വേതനം കൈമാറ്റം ചെയ്യുന്നതിൽ നിന്ന് തൊഴിലുടമയെ ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു.
തൊഴിലാളിയും ഉടമയും തമ്മിലുള്ള തൊഴിൽ തർക്കവും (ജൂഡീഷ്യൽ) അത് തൊഴിലാളിയുടെ ജോലി നിർത്തുന്നതിന് കാരണമാകുകയും ചെയ്യുക, നിയമപരമായ സാധുതയില്ലാതെ തൊഴിലാളി സ്വമേധയ ജോലി ഉപേക്ഷിക്കുക, ജോലി ആരംഭിച്ച തീയതി മുതൽ 30 ദിവസം പൂർത്തിയാക്കാത്ത പുതിയ തൊഴിലാളികൾ, ശമ്പളമില്ലാതെ അവധിയിൽ കഴിയുന്ന തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.