നോർക്ക ആംബുലൻസ് സർവിസ് പ്രവാസികൾക്ക് ആശ്വാസമാകുന്നു
text_fieldsസുഹാർ: നോർക്കയും എയിംസും ചേർന്ന് നടപ്പാക്കിയ ആംബുലൻസ് സേവനങ്ങൾ പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഗൾഫ് നാടുകളിൽനിന്ന് അപകടമോ മരണമോ നടന്നാൽ വിമാനത്തിൽ വന്നിറങ്ങുന്ന പ്രവാസിയെ വീട്ടിലേക്കോ ബന്ധുക്കൾ തെരഞ്ഞെടുക്കുന്ന ആശുപത്രിയിലോ തികച്ചും സൗജന്യമായി എത്തിക്കുന്ന പ്രവർത്തനമാണ് നോർക്ക സൗജന്യ ആംബുലൻസ് സേവനം എന്ന പേരിൽ നടപ്പാക്കുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ കേരളത്തിലെ എയർപോർട്ടുകളിലും കൂടാതെ മംഗലാപുരം, കോയമ്പത്തൂർ എന്നീ വിമാനത്താവളങ്ങളിലും സേവനം വിപുലപ്പെടുത്തിയിട്ടുണ്ടെന്നും മസ്കത്തിലെ സാമൂഹികപ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ പറഞ്ഞു. ഒമാനിൽ മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെങ്കിൽ 500 മുതൽ 600 റിയാൽവരെ വേണം.
എംബാമിങ്, ടിക്കറ്റ് ചാർജ്, കാർഗോ കൂലി അടക്കം വരുന്ന തുകയാണിത്. പരിക്കുപറ്റിയ പ്രവാസിയെ നാട്ടിലെത്തിക്കാനും ചെലവ് ഏറെയാണ്. തണ്ടെല്ലിന് പരിക്ക് പറ്റിയ ഒരാൾക്ക് വിമാനത്തിൽ നാലു സീറ്റെങ്കിലും വേണം. ചില കേസുകളിൽ നഴ്‌സുമാരോ ഡോക്ടർമാരോ കൂടെ പോകേണ്ടിവരും. ഭാരിച്ച ചെലവുവരുന്ന ഇതുപോലുള്ള അത്യാഹിതങ്ങൾക്ക് ആംബുലൻസ് സേവനം ഒരു താങ്ങാവുകയാണെന്നാണ് പ്രവാസികളുടെ അഭിപ്രായം. ഈ അടുത്ത ദിവസങ്ങളിൽ സഹമിൽനിന്ന് മരണപ്പെട്ട കൊല്ലം സ്വദേശി ശിവകുമാർ രാജുവിന്റെയും ആൽഷാനിൽ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി സതീശന്റെയും മൃതശരീരം എയർപോർട്ടിൽനിന്ന് വീട്ടിലെത്തിച്ചത് നോർക്കയുടെ സൗജന്യ ആംബുലൻസിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.