പ്രവാസികൾക്ക് നോർക്കയുടെ സ്റ്റാർട്ടപ് പദ്ധതി
text_fieldsമസ്കത്ത്: സംരംഭകരാകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങൾ ഒരുക്കുന്നതിന് നോർക്കയും കേരള സ്റ്റാർട്ടപ് മിഷനും (കെ.എസ്.യു.എം) സംയുക്തമായി നോർക്ക പ്രവാസി സ്റ്റാർട്ടപ് പ്രോഗ്രാം (എൻ.പി.എസ്.പി) നടപ്പാക്കുന്നു. പ്രവാസികളുടെ പ്രഫഷനൽ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് സമാന മനസ്കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്. പ്രവാസി സമൂഹത്തിൽത്തന്നെ ബിസിനസ് നെറ്റ്വർക്കും ഇൻവെസ്റ്റർ നെറ്റ്വർക്കും രൂപവത്കരിക്കും. ടെക്നോളജി സ്റ്റാർട്ടപ്പുകളുമായി മാർഗനിർദേശത്തിനും കൺസൾട്ടിങ്ങിനുമുള്ള അവസരങ്ങൾ പ്രവാസികൾക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാർട്ടപ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നൽ നൽകും.
അനുയോജ്യരായ പ്രവാസികളെ സ്ക്രീനിങ് കമ്മിറ്റിയിലൂടെ തിരഞ്ഞെടുത്ത് മൂന്നുമാസത്തെ പ്രോഗ്രാമിെൻറ ഭാഗമാക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഉപജീവനത്തിനായി വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആരംഭിച്ച വായ്പ പദ്ധതിയായ നോർക്ക ഡിപ്പാർട്മെൻറ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രൻറ്സിെൻറ (എൻ.ഡി.പി.ആർ.ഇ.എം) സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിരിക്കും. ഇതുപ്രകാരം 30 ലക്ഷം രൂപ വരെ 15 ശതമാനം മൂലധന സബ്സിഡിയോടെ (പരമാവധി മൂന്ന് ലക്ഷം രൂപ) വായ്പ ലഭിക്കും. കൃത്യമായ പലിശ തിരിച്ചടക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ ഇളവും ലഭിക്കും.
കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത് കേരളത്തിലേക്ക് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കാണ് നോർക്ക പ്രവാസി സ്റ്റാർട്ടപ് പ്രോഗ്രാമിലേക്കു അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അപേക്ഷിക്കുന്നതിനും വിശദവിവരങ്ങൾക്കും norkapsp.startupmission.in എന്ന ലിങ്ക് സന്ദർശിക്കുക. വിശദവിവരം 08047180470 (രാവിലെ 8 മുതൽ രാത്രി 8 വരെ) (കേരള സ്റ്റാർട്ടപ് മിഷൻ) നോർക്ക ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തുനിന്ന് മിസ്ഡ് കാൾ സേവനം) നമ്പറുകളിലും www.norkaroots.org എന്ന വെബ്സൈറ്റിലും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.