വികസന ചിറക് വിരിച്ച് വടക്കൻ ശർഖിയ
text_fieldsമസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിവിധ വിലായത്തുകളിൽ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതിയൊരുക്കി അധികൃതർ. കഴിഞ്ഞ ദിവസം ഗവർണറുടെ ഓഫിസാണ് നിരവധി സേവന-വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. അറവുശാലകൾ, നടപ്പാതകൾ, സെൻട്രൽ മാർക്കറ്റുകൾ, പൂന്തോട്ടങ്ങൾ, പൊതു പാർക്കുകൾ, വിനോദ സൗകര്യങ്ങൾ എന്നിവയുടെ നിർമാണം ഉൾപ്പെടെ നിരവധി പദ്ധതികൾ ഗവർണറേറ്റ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഗവർണർ ശൈഖ് അലി അഹമ്മദ് അൽ ഷംസി പറഞ്ഞു. ദേശീയ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയുടെ ഭാഗമാണ് ഈ പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.
മുദൈബി വിലായത്തിലെ സിനാവിൽ കന്നുകാലികൾക്കും കാലിത്തീറ്റക്കുമുള്ള സെൻട്രൽ മാർക്കറ്റ് നിർമിക്കും. 1,93,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുക. മുദൈബിയിൽ ഒരു അറവുശാലയും ആസൂത്രണം ചെയ്തിട്ടുണ്ട്. കാറുകൾ വിൽക്കുന്നതിനുള്ള ഒരു പൊതു യാർഡ്, ഹോട്ടൽ, റസ്റ്റാറന്റ് എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത സ്റ്റേഷൻ ഇബ്രയിൽ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഷംസി പറഞ്ഞു. ഫഫ 73,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഇത് ടൂറിസത്തെയും ഗവർണറേറ്റിന്റെ സമ്പദ്വ്യവസ്ഥയെയും പിന്തുണക്കാൻ സഹായമാകുമെന്നാണ് കരുതുന്നത്. ബിദിയ വിലായത്തിൽ 2,12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിനോദകേന്ദ്രം നിർമിക്കുന്നതാണ് മറ്റൊരു പദ്ധതി.
ശീതകാല ഉത്സവങ്ങൾ നടത്താനും ഫാമിലി ഷോപ്പിങ്ങിനും അനുയോജ്യമാകുന്ന തരത്തിലായിരിക്കും ഇത് സജ്ജീകരിക്കുക. കുട്ടികളുടെ റൈഡുകൾ, പൈതൃക ഗ്രാമം, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയും ഇതിലുണ്ടാകും. പദ്ധതിക്കായി പ്രത്യേക കൺസൾട്ടിങ് സ്ഥാപനത്തെ ഏൽപിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. ഒരു മില്യൺ ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ശർഖിയ പാർക്ക് ഇബ്രയിലെ മസ്റോണിൽ നിർമിക്കും. ബെഞ്ചുകൾ, തത്സമയ പ്രകടനങ്ങൾക്കുള്ള തിയറ്റർ, കളിസ്ഥലങ്ങൾ, സൈക്കിൾ, സ്കേറ്റിങ് പാതകൾ, നടപ്പാത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പാതകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇതിൽ റസ്റ്റാറന്റുകൾ, കഫേകൾ, ഷോപ്പുകൾ എന്നിവ ഉണ്ടായിരിക്കും. 28,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ദിമാ വ അൽ തിയാനി വിലായത്തിലും വാദി ബാനി ഖാലിദ് വിലായത്തിൽ 24,000 ചതുരശ്ര മീറ്ററിലും പാർക്കുകൾ നിർമിക്കും. പാർക്കുകളിൽ കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കഫേകൾ, ബാർബിക്യൂ ഏരിയകൾ, പ്രാർഥന ഹാളുകൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഷംസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.