ഇനി മധുരമൂറും മുന്തിരിക്കാലം
text_fieldsമസ്കത്ത്: സുൽത്താനേറ്റിൽ ഇനി മധുരമൂറുന്ന മുന്തിരിക്കാലം. ജുൺ മുതൽ ആഗസ്റ്റ് വരെയാണ് ഒമാനിൽ മുന്തരിക്കാലം. വടക്കൻ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ മുന്തിരി വിളവെടുപ്പിനു തുടക്കമായി.
മേയ് പകുതിയോടെ ആരംഭിക്കുന്ന വിളവെടുപ്പ് സീസൺ ജൂലൈ അവസാനം വരെ നീണ്ടുനിൽക്കും. സുൽത്താനേറ്റിന്റെ നിരവധി വിലായത്തുകളിൽ മുന്തിരി കൃഷി വ്യാപകമാണ്. ദോഫാർ, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ബാത്തിന, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് മുന്തിരി കൃഷിയുള്ളതെന്ന് വടക്കൻ ശർഖിയ ഗവർണറേറ്റിലെ കൃഷി, ജലവിഭവ ഡയറക്ടറേറ്റിലെ കാർഷിക വികസന വകുപ്പ് ഡയറക്ടർ ഡോ. ഖാഇസ് ബിൻ സെയ്ഫ് അൽ മാവാലി പറഞ്ഞു. ഒമാനിൽ ഏകദേശം 200 ഏക്കറിലാണ് മുന്തിരി കൃഷി ചെയ്യുന്നത്. 1,000 ടൺ മുന്തിരി ഇതിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പ്രാദേശിക ഉപഭോഗത്തിന്റെ 4.2 ശതമാനം മാത്രം.
പ്രതിവർഷം 24,000 ടൺ ഉൽപാദനത്തിലൂടെ 15 ലക്ഷം റിയാൽ സാമ്പത്തിക നേട്ടവും ഉണ്ടാക്കുന്നുണ്ട്.
രാജ്യത്തുടനീളം മുന്തിരി കൃഷി വികസിപ്പിക്കുന്നതിന് കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പ്രത്യേക ശ്രദ്ധയാണ് നൽകി വരുന്നത്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ 100 ഏക്കറിൽ 10 മാതൃക മുന്തിരി ഫാമുകൾ സ്ഥാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
അഗ്രികൾച്ചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ട് ഉപയോഗിച്ച് സുൽത്താനേറ്റിൽ മുന്തിരി കൃഷിയും ഉൽപാദനവും വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്കു പുറമേയാണിത്. ദാഖിലിയ, വടക്കൻ ബാത്തിന ഗവർണറേറ്റുകളിൽ മുന്തിരിക്കായി രണ്ട് ജീൻ ബാങ്കുകൾ സ്ഥാപിക്കുന്നതിനൊപ്പം വിവിധ ഗവർണറേറ്റുകളിൽ 25 ഏക്കർ വിസ്തൃതിയിൽ 25 മുന്തിരി ഫാമുകൾ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുന്തിരി കൃഷിയുടെ ആകെ വിസ്തൃതി 27 ഏക്കറാണ്. മുദൈബി വിലായത്തിലെ സമദ് അൽ ഷാൻ നിയാബത്തിലെ അൽ റൗദ ഗ്രാമമാണ് ഗവർണറേറ്റിലെ ഏറ്റവും വലിയ മുന്തിരി കൃഷിയിടം. കഴിഞ്ഞ വർഷം ഇവിടെ 10 ഏക്കറിൽ ആയിരുന്നു കൃഷി. 2012ൽ എട്ട് ഏക്കറിലായിരുന്നു കൃഷി ചെയ്തത്. എന്നാൽ, ഈ സീസണിലിത് 27 ഏക്കറായി ഉയരുകയും ചെയ്തിട്ടുണ്ട്.
വേനൽകാലത്ത് വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ് ഒമാനിലെ മുന്തിരത്തോട്ടങ്ങൾ. കടും ചൂട് കാരണം മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം തിരക്കൊഴിഞ്ഞ് കിടക്കുമ്പോൾ മുദൈബിയിലെ അൽ റൗദ, റുസ്താഖിലെ വക്കാൻ എന്നീ ഗ്രാമങ്ങളിൽ ധാരാളം പേരാണ് മുന്തിരി ത്തോട്ടങ്ങൾ സന്ദർശിക്കാനെത്തുന്നത്. കടും ചൂടിൽ ചുവപ്പിലും കറുപ്പിലും ഇളം പച്ച നിറത്തിലും തൂങ്ങി ആടുന്ന മുന്തിരിക്കുലകൾ കാണാൻ നിരവധി പേർ എത്താറുണ്ട്. കടും ചൂടിലും തണുപ്പ് കാലാവസ്ഥയാണ് വക്കാൻ ഗ്രാമത്തിൽ അനുഭവപ്പെടുന്നത്.
ഇതോടെ വക്കാൻ ഗ്രാമത്തിലും സന്ദർശക തിരക്ക് അനുഭവപ്പെട്ട് തുടങ്ങി. വക്കാൻ വില്ലേജിലേക്കുള്ള യാത്ര ഏറെ ദുർഘടമാണ്. 1100 മീറ്ററോളം വരുന്ന കല്ലും മണ്ണും നിറഞ്ഞ മലനിരകൾ താണ്ടിയും 700 ലധികം പടവുകൾ കയറിയുമാണ് സന്ദർശകർ മുന്തിരിത്തോട്ടങ്ങളിലെത്തുന്നത്. ഇവിടെ മുന്തിരിതോട്ടങ്ങൾ ആസ്വദിക്കുന്നതോടൊപ്പം തോട്ടങ്ങളിൽനിന്ന് പറിച്ചെടുക്കുന്ന മധുരമേറിയ മുന്തിരി വാങ്ങാനും ലഭിക്കും.
ഒമാനിൽ 24 ഇനം മുന്തിരികളാണുള്ളത്. മുന്തിരി കൃഷിക്ക് പരമ്പരാഗത ജല സേചന പദ്ധതിയായ ഫലജുകളിലെയും കിണറുകളിലെയും വെള്ളമാണ് ഉപയോഗിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മുന്തിരിത്തൈകൾ വളർത്തുന്നത്. പിന്നീട് ഇത് തോട്ടങ്ങളിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. തോട്ടങ്ങളിൽ വരിയായാണ് മുന്തിരി തൈകൾ വളർത്തുന്നത്.
രണ്ട് തൈകൾക്കിടയിൽ മൂന്ന് മീറ്റർ അകലമുണ്ടായിരിക്കും. ഒമാനിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് മുദൈബി വിലായത്തിലെ അൽ റൗദയിലാണ്. എട്ട് ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കുന്നത്. ഇവിടെനിന്ന് മാത്രം 60 ടൺ മുന്തിരിയാണ് ഉൽപാദിപ്പിക്കുന്നത്.ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധന വരുമാന മാർഗം മുന്തിരി കൃഷിയാണ്. ഇവ കൃഷിയിടത്ത് നിന്ന് തന്നെ വിൽപന നടത്താറുണ്ട്.
കൂടാതെ മുദൈബി മാർക്കറ്റിലും ഒമാനിലെ മറ്റ് ഭാഗങ്ങളിലേക്കും മുന്തിരി എത്തിക്കുന്നുണ്ട്. മുന്തിരി കൃഷി വ്യാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാർഷിക മന്ത്രാലയം വൻ പിന്തുണയാണ് കൃഷിക്കാർക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.