ഇപ്പോൾ ഇറങ്ങുന്നത് അച്ഛനും അമ്മയുമില്ലാത്ത സിനിമകൾ -ഓമന ഔസേപ്
text_fieldsമസ്കത്ത്: ഇപ്പോൾ ഇറങ്ങുന്നത് അച്ഛനും അമ്മയും ഇല്ലാത്ത സിനിമകളാണെന്നും കുടുംബ സിനിമകൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടതായും നടി ഓമന ഔസേപ്. നായകനും നായികയും കൂറെ കൂട്ടുകാരും മത്രമുണ്ടായാൽ പുതിയ സിനിമായിയെന്നും അവർ പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ കൈരളി-ജെ.കെ ഫിലിം അവാർഡ് സ്വീകരിക്കാനെത്തിയ അവർ ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
കുടുംബബന്ധങ്ങൾക്കും കുടുംബ കഥകൾക്കും പ്രാധാന്യമുള്ള സിനിമകൾ ഇപ്പോൾ ഇറങ്ങുന്നില്ല. ആസ്വാദകരുടെ അഭിരുചി മാറിയതോടെ അമ്മ വേഷങ്ങളും കുറഞ്ഞിട്ടുണ്ട്. നല്ല അമ്മ വേഷങ്ങൾ ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ട്. കവിയൂർ പൊന്നമ്മ ചെയ്തതുപോലെയുള്ള വേഷങ്ങൾക്കാണ് ആഗ്രഹം. എന്നാൽ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ ഭാഗ്യവും കൂടി വേണം.
നല്ല കഥയും സംവിധായകരും പിന്നെ ദൈവാനുഗ്രഹവുമുണ്ടെങ്കിലാണ് സിനിമയിൽ തിളങ്ങാൻ കഴിയുക. അഞ്ചാം വയസ്സിൽ സ്റ്റേജുകളിൽ തിളങ്ങാൻ തുടങ്ങിയിരുന്നു. 11ാം വയസ്സിൽ ബാലെയിൽ ശ്രീ അയ്യപ്പനായി വേഷമിട്ടിരുന്നു. തൃശൂർ ടൗൺ ഹാളിൽ അരങ്ങേറിയ ബാലെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതോടെ കലാമണ്ഡലത്തിൽനിന്ന് ക്ഷണം ലഭിച്ചു. നിരവധി തവണ അവർ പിന്നാലെ നടന്നിരുന്നു.
കലാമണ്ഡലത്തിൽ ചേരാൻ അമ്മക്കിഷ്ടമായിരുന്നെങ്കിലും മുത്ത ചേട്ടൻ എതിർക്കുകയായിരുന്നു. ജനിച്ച് 11 മാസം കഴിയുമ്പോൾ അച്ഛൻ നഷ്ടപ്പെട്ട തനിക്ക് ചേട്ടൻ പറയുന്നത് അനുസരിക്കണമായിരുന്നു. അതിൽ അന്നും ഇന്നും ഏറെ വേദനയുണ്ട്. അന്ന് കലാ മണ്ഡലത്തിലെ ക്ഷണം സ്വീകരിച്ചിരുന്നുവെങ്കിൽ താൻ ഇന്ന് വേറെ ലെവലിൽ എത്തുമായിരുന്നു. ഗോഡ്ഫാദർമാരില്ലെങ്കിൽ എവിടെയുമെത്തില്ല അഞ്ചാം വയസ്സിൽ ചേച്ചിയുടെ നൃത്തം കണ്ടുപഠിച്ച് അരങ്ങിൽ കൈയടി നേടിയ കലാകാരിയാണ്. തന്റെ കഴിവ് കണ്ടറിഞ്ഞ ഗുരുവായ ആൻറണി സാർ സൗജന്യമായാണ് തന്നെ നൃത്തം പഠിപ്പിച്ചത്.
സിനിമയിൽ വേഷങ്ങൾ കിട്ടണമെങ്കിൽ പിന്നിൽനിന്ന് തള്ളാനും മുന്നിലെത്തിക്കാനും ഗോഡ്ഫാദർമാർ വേണം. അല്ലാത്തവർ എവിടെയുമെത്തില്ല. പത്തുവർഷത്തെ ഇടവേളക്കുശേഷം 27ാം വയസ്സിൽ തൃശൂർ ആകാശവാണിയിൽ താൽക്കാലിക ജീവനക്കാരിയായെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന കൗസല്യ മധുവാണ് തിരിച്ചുവരവിന് വഴിയൊരുക്കിയത്. അക്കാലത്താണ് അപൂർവ പുഷ്പങ്ങൾ എന്ന സീരിയലിൽ അവസരം ലഭിച്ചത്. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിക്കാൻ അവസരം ലഭിച്ചു. സിനിമയിൽ രണ്ട് മൂന്ന് ശ്രദ്ധേയ വേഷങ്ങൾ മാത്രമാണ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ, സീരിയലുകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് ജീവിതത്തിൽ ആദ്യമായാണ് അംഗീകാരം ലഭിക്കുന്നതെന്നും അവർ പറഞ്ഞു. സിനിമ മേഖലയിൽ മികച്ച സംഭാവനകൾ നൽകുകയും ഇപ്പോൾ പാർശ്വവത്കരിക്കപ്പെടുകയും ചെയ്തവർക്കാണ് കൈരളി ജെ.കെ ഫിലിം അവാർഡ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.