മൊബൈൽ ഉപയോക്താക്കളുടെ എണ്ണം വർധിച്ചു; ആറു മാസത്തിനിടെ 12 ശതമാനം വളർച്ച
text_fieldsമസ്കത്ത്: രാജ്യത്ത് മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ജൂൺ വരെയുള്ള കണക്കുകളിൽ മൊബൈൽ ഫോൺ ഉപയോക്താക്കൾ 12.4 ശതമാനമാണ് വർധിച്ചത്. ആകെ രാജ്യത്തെ ഉപയോക്താക്കളുടെ എണ്ണം നിലവിൽ 70.2 ലക്ഷമാണ്. ഇവയിൽ ഭൂരിഭാഗവും പ്രീ-പെയ്ഡ് സബ്സ്ക്രിപ്ഷനുകളാണ്. ഇത് 52.8 ലക്ഷമാണ്. പ്രീ പെയ്ഡ് കണക്ഷനുകളിൽ ഈ കാലയളവിൽ 10 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷനുകൾക്കുപുറമെ, രാജ്യത്ത് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകളുടെ എണ്ണത്തിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 59.3 ലക്ഷമാണ്. ഒമാനിൽ മൊബൈൽ ടെക്നോളജി ഉപയോഗം തുടർച്ചയായി വളരുന്ന പ്രവണതയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്ക്രിപ്ഷനുകളുടെ വളർച്ചനിരക്ക് 7.4 ശതമാനമാണ്. ഒമാനിൽ 3ജി മൊബൈൽ സേവനങ്ങൾ ക്രമേണ അവസാനിപ്പിക്കാൻ ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. 2024 ജൂലൈ മുതൽ 3ജി സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി സ്വീകരിച്ചത്. അതിവേഗ ഇന്റർനെറ്റ് സംവിധാനം സാർവത്രികമാക്കുന്നതിനുള്ള നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.