നടപടികൾ ഫലം കാണുന്നു; ദോഫാറിൽ കാക്കകളുടെയും മൈനകളുടെയും എണ്ണം കുറഞ്ഞുതുടങ്ങി
text_fieldsമസ്കത്ത്: ശല്യക്കാരായ കാക്കകളെയും മൈനകളെയും നിയന്ത്രിക്കുന്നതിനുള്ള പരിസ്ഥിതി അതോറിറ്റിയുടെ നടപടികൾ ഫലംകണ്ടുതുടങ്ങി.
കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഈ വർഷം ഫെബ്രുവരി ഒന്നു വരെയുള്ള കാമ്പയിൻ കാലയളവിൽ ഇത്തരത്തിലുള്ള 35,154 പക്ഷികളെയാണ് ഇല്ലാതാക്കിയത്. ഇതിൽ 25,786 മൈനകളും 9368 ഇന്ത്യന്‍ കാക്കകളും ഉൾപ്പെടുന്നതാണെന്ന് പരിസ്ഥിതി വിഭാഗം അറിയിച്ചു.
രാജ്യത്ത് മൈനകളുടെയും കാക്കകളുടെയും ശല്യം വർധിച്ചതോടെ പ്രശ്നങ്ങൾക്ക് പരിസ്ഥിതി അതോറിറ്റി പരിഹാരം തേടിയിരുന്നു. കൃഷികളും മറ്റും നശിപ്പിച്ച് വ്യാപകമായ നാശനഷ്ടങ്ങളാണ് ഇവ വരുത്തുന്നത്.
ഗോതമ്പ്, നെല്ല് തുടങ്ങിയ ധാന്യങ്ങളും മുന്തിരി, ആപ്രിക്കോട്ട്, പിയേഴ്സ് തുടങ്ങിയ പഴവർഗങ്ങളുമാണ് നശിപ്പിക്കുന്നത്. മൈനകളും കാക്കകളുമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ കുറക്കുന്നതിനെക്കുറിച്ചും ഇവയുടെ വ്യാപനം നിയന്ത്രിക്കുന്നതിനെപ്പറ്റിയും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഒമാനിൽ 1,60,000ത്തിലധികം മൈനകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയുടെ വ്യാപനം നിയന്ത്രിക്കാനായി കഴിഞ്ഞ ഏപ്രിലിൽ പരിസ്ഥിതി അതോറിറ്റി ടീമിനെ രൂപവത്കരിച്ചിരുന്നു.
പക്ഷികളുടെ വ്യാപനം തടയാനുള്ള അന്താരാഷ്ട്ര വിദഗ്ധയായ സൂസന സാവേദ്രയുമായാണ് അധികൃതർ ഇതിനായി കരാർ ഉണ്ടാക്കിയത്. അവർ സലാലയിലും മസ്കത്തിലും സന്ദർശനം നടത്തുകയും മൈനകളെയും കാക്കകളെയും നിരീക്ഷിക്കാനുള്ള പ്രാരംഭ പദ്ധതികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
മറ്റു പക്ഷികളുടെ മുട്ടകളും മൈന നശിപ്പിക്കുന്നത് പ്രകൃതിയുടെ വൈവിധ്യത്തിന് ഭീഷണിയാവുന്നുണ്ട്. ഇന്ത്യയടക്കമുള്ള ഉഷ്ണമേഖല രാജ്യങ്ങളിലാണ് മൈനയെ സാധാരണ കണ്ടുവരുന്നത്. കൃഷിയിടങ്ങളിലും പാർപ്പിട മേഖലകളിലുമാണ് മൈനയെ കൂടുതലായി കാണുന്നത്.
സലാലയിലെ ചില വിലായത്തുകളിൽ ഇവ വല്ലാതെ വർധിക്കുന്നുണ്ട്. ഗവർണറേറ്റിൽ താഖാ, മിർബാത്ത് വിലായത്തുകളെ അപേക്ഷിച്ച് സലാലയിലെ തോട്ടങ്ങളിലും പൊതുപാർക്കുകളിലും 80 ശതമാനം കൂടുതലാണ് മൈനകൾ. താഖയിൽ 12 ശതമാനവും മിർബാത്തിലും മറ്റു ഭാഗങ്ങളിലും എട്ടു ശതമാനവുമാണ് മൈനകൾ.
ഇത്തരം പക്ഷികളുടെ വർധന തടയാൻ മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് കർശന നടപടികൾ എടുക്കുകയാണ് പരിസ്ഥിതി സംരക്ഷണ വിഭാഗം. മറ്റു പ്രാദേശിക ജീവികൾക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന വിപരീത ഫലം ഒഴിവാക്കാനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.