നഴ്സിങ് ജോലികളിൽ സ്വദേശിവത്കരണം 65 ശതമാനമായി
text_fieldsമസ്കത്ത്: സ്വദേശിവത്കരണം ഉൗർജിതമാക്കാനുള്ള ശ്രമങ്ങളുമായി ആരോഗ്യ മന്ത്രാലയം. വിവിധ മെഡിക്കൽ ജോലികളിൽ 90 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വദേശിവത്കരണ നടപടികളുടെ ഫോളോ അപ് കമ്മിറ്റി ചെയർമാൻ ഖാലിദ് ബിൻ അബ്ദുല്ല അൽ മൻതരി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കനുസരിച്ച് മെഡിക്കൽ-അനുബന്ധ ജോലികളിൽ സ്വദേശിവത്കരണം ഉയർന്ന ശതമാനത്തിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. ചില സ്പെഷാലിറ്റികളിൽ ഇതിനകം പൂർണ സ്വദേശിവത്കരണം നടന്നിട്ടുമുണ്ട്.
കൺസൾട്ടൻറ് ഫിസിഷ്യന്മാരുടെ ഭാഗത്തിൽ 72 ശതമാനവും മെഡിക്കൽ ഡോക്ടർമാരുടെ വിഭാഗത്തിൽ 39 ശതമാനവും നഴ്സിങ്-മെഡിക്കൽ ലബോറട്ടറി ജോലികളിൽ 65 ശതമാനം വീതവുമാണ് സ്വദേശിവത്കരണ നിരക്ക്. ഫാർമസി വിഭാഗത്തിൽ 94 ശതമാനം സ്വദേശികളെ നിയമിച്ചു. അനുബന്ധ ജോലികളിൽ 74 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. ഫസ്റ്റ് എയ്ഡ്, സ്റ്റെറിലൈസേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ സ്വദേശിവത്കരണം നൂറ് ശതമാനമായതായും ഖാലിദ് അൽ മൻതരി അറിയിച്ചു. സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിൽ ആരോഗ്യ മേഖലക്ക് സുപ്രധാന പങ്കാണുള്ളത്. വിവിധ മെഡിക്കൽ-അനുബന്ധ ജോലികളിലെ സ്വദേശിവത്കരണ നിരക്കുകൾ ക്രമേണ ഉയർത്തുകയാണ് മന്ത്രാലയത്തിെൻറ ലക്ഷ്യം. എല്ലാ ജോലികളിലും 90 ശതമാനമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീർഘനാൾ പരിചയസമ്പത്തുള്ളവരിൽ നിന്ന് അനുയോജ്യമായ പരിശീലനം പുതുതായി നിയമിക്കപ്പെടുന്നവർക്ക് ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കുമെന്നും ഖാലിദ് അൽ മൻതരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.