സുഹാറിൽ മലയാളി യുവതി ആത്മഹത്യ ചെയ്തു
text_fieldsമസ്കത്ത്: ഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് വീണ്ടുമൊരു ആത്മഹത്യ കൂടി. സുഹാറിൽ തൃശൂർ സ്വദേശിനിയാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ് ഇവർ. ഒരു ബംഗളൂരു സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല. തലസ്ഥാന ഗവർണറേറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ ഒന്നിലെ അധ്യാപിക വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇവർ മലയാളിയല്ലെന്ന് അറിയുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് നൗഫലിനെ റൂവി എം.ബി.ഡിയിലെ ഒരു കമ്പനിയിലെ ഒാഫിസ് മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വാദികബീർ സനാഇയ്യയിലെ ടൊയോട്ട സ്പെയർ പാർട്ട്സ് കടയിലെ ജീവനക്കാരനായ ബംഗളൂരു സ്വദേശി ലൂയിസ് കടക്കുള്ളിൽ തൂങ്ങിമരിച്ചു.
ബുധനാഴ്ച പത്തനംതിട്ട ഒാമല്ലൂർ സ്വദേശി ജിനുവിനെ താമസ സ്ഥലത്തിന് മുകളിലെ ടെറസിൽ ഞരമ്പുമുറിച്ച് മരിച്ച നിലയിലും കണ്ടെത്തി. അന്നുതന്നെ മവേലയിൽ ഏഷ്യൻ വംശജയായ സ്ത്രീയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇവർ ഏത് രാജ്യക്കാരി ആണെന്ന വിവരം വ്യക്തമല്ല.
വർധിച്ചുവരുന്ന ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹത്തിനിടയിൽ ബോധവത്കരണത്തിന് എംബസിയോ കൂട്ടായ്മകളോ മുന്നിട്ടിറങ്ങണമെന്ന് ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞ മാസങ്ങളിലും ഒന്നിലധികം മലയാളി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.