ഒ.സി.സി.ഐ തെരഞ്ഞെടുപ്പ്: അബ്ദുൽ ലത്തീഫിന് വിജയം
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്‌ടറിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബദർസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്‍റെ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫിന് വിജയം. വിദേശ പ്രതിനിധിയായാണ് ഇദ്ദേഹം വിജയിച്ചിട്ടുള്ളത്. ഒമ്പത് വിദേശികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ മലയാളികളായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ഫലം പുറത്ത് വന്നത്
രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയായിരുന്നു വോട്ടെടുപ്പ്. വോട്ട് ചെയ്യാനായി ഗവർണറേറ്റുകളിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് വോട്ടിങ് രീതിയാണ് പോളിങ് രേഖപ്പടുത്താനായി ഒരുക്കിയിരുന്നത്.
മസ്‌കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ദോഫാറിലെ സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾച്ചർ ആൻഡ് എന്റർടെയിൻമെന്റ് കേന്ദ്രം, മുസന്ദം ഗവർണറേറ്റിലെ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒ.സി.സി.ഐ ആസ്ഥാനം, മറ്റു ഗവർണറേറ്റുകളിൽ ഒ.സി.സി.ഐയുടെ ഭരണ ആസ്ഥാനത്തായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്.
സാമൂഹിക- വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം, സാമൂഹിക പ്രവർത്തകനായ സുഹാർ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്രഹാം രാജു എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്ന മറ്റ് മലയാളികൾ. ആദ്യമായാണ് ചേംബർ ഓഫ് കോമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.