ഒ.സി.സി.ഐ തെരഞ്ഞെടുപ്പ് ഇന്ന്: മത്സരരംഗത്ത് മലയാളികളടക്കം 122 സ്ഥാനാർഥികൾ
text_fieldsമസ്കത്ത്: ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്ടറിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. മൂന്നു മലയാളികളുൾപ്പെടെ നാല് ഇന്ത്യക്കാരടക്കം 122 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇന്ത്യക്കാർക്കു പുറമെ ഈജിപ്ത്, സിറിയ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മത്സര രംഗത്തുള്ള വിദേശികൾ.
122 പേരുടെ പട്ടികയിൽ പൊതു ഓഹരി ഉടമകൾ, വിദേശ നിക്ഷേപകർ, സ്വകാര്യ മേഖല കമ്പനികൾ എന്നിവിടങ്ങളിൽനിന്നുള്ളവർ ഉൾപ്പെടുന്നുണ്ടെന്ന് ഒ.സി.സി.ഐ പ്രസ്താവനയിൽ പറഞ്ഞു.
ഒമാനിലെയും ഇന്ത്യയിലെയും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞുനിൽക്കുകയും ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ ഹോസ്പിറ്റൽ ശൃംഖലയായ ബദർസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ലത്തീഫ്, സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെ സാന്നിധ്യമായ വി.എം.എ. ഹകീം, സാമൂഹിക പ്രവർത്തകനായ സുഹാർ ഷിപ്പിങ് കമ്പനി മാനേജിങ് ഡയറക്ടർ അബ്രഹാം രാജു എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ.
ആദ്യമായാണ് ചേംബർ ഓഫ് കോമേഴ്സിലേക്ക് വിദേശികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ സ്വദേശികൾ മാത്രമായിരുന്നു മത്സരിച്ചിരുന്നത്.
ചേംബർ ഓഫ് കോമേഴ്സിൽ രജിസ്റ്റർ ചെയ്ത 13,000 കമ്പനികളുടെ പ്രതിനിധികൾക്കാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവസരം ലഭിക്കുക. വോട്ടവകാശം ലഭിക്കണമെങ്കിൽ ചേംബർ ഓഫ് കോമേഴ്സിന്റെ തെരഞ്ഞെടുപ്പ്
പോർട്ടലിൽ പേർ രജിസ്റ്റർ ചെയ്യണം.
മസ്കത്തിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, ദോഫാറിലെ സുൽത്താൻ ഖാബൂസ് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എന്റർടൈൻമെന്റ് എന്നിവ പോളിങ് കേന്ദ്രങ്ങളായി പ്രവർത്തിക്കും.
മുസന്ദം ഗവർണറേറ്റിൽ ഖസബ്, ദിബ്ബ വിലായത്തുകളിലെ ഒ.സി.സി.ഐ ആസ്ഥാനമായിരിക്കും പോളിങ് സ്റ്റേഷൻ. ശേഷിക്കുന്ന ഗവർണറേറ്റുകളിൽ ഒ.സി.സി.ഐയുടെ ഭരണ ആസ്ഥാനത്തായിരിക്കും വോട്ടെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.