തൊഴിൽത്തർക്കം: പരാതി നൽകലും പരിഹാര നടപടി ക്രമങ്ങളും
text_fieldsഞാൻ മസ്കത്തിൽ വാദി കബീറിൽ കഴിഞ്ഞ മൂന്ന് കൊല്ലമായി ഒരു ഗാരേജിൽ ജോലി ചെയ്തുവരുകയാണ്. ഒരു ബന്ധു വഴിയാണ് ഞാൻ ഇവിടെ എത്തിയത്. വെയർ ഹൗസിെൻറ പണി എന്ന് പറഞ്ഞാണ് വിസ എടുത്തത്. ഇവിടെ എത്തുമ്പോഴാണ് അറിയുന്നത് ഗാരേജിൽ ആണ് ജോലി എന്ന്. ഞാൻ പരാതിപ്പെട്ടപ്പോൾ ക്ലിയറൻസ് കിട്ടുന്നതിന് തടസ്സമുണ്ടെന്നും ക്ലിയറൻസ് ലഭിച്ചാൽ ഒരാളെ പകരം കൃത്യമായ വിസയിൽ ജോലിക്കു കൊണ്ട് വരും എന്നും അതുവരെ അവിടെ തുടരണം എന്നും അറിയിച്ചു. എന്നാൽ, നാളിതുവരെ ആരെയും ജോലിക്കായി കൊണ്ടുവന്നില്ല. വീട്ടിലെ കഷ്ടപ്പാടുകൾ കൊണ്ടും ആദ്യമൊക്കെ സാലറി കൃത്യമായി തന്നതിനാലും ജോലിയിൽ തുടർന്നു. കഴിഞ്ഞ ഒരു കൊല്ലക്കാലമായി കൃത്യമായി സാലറി നൽകാറില്ല. ഒടുവിലത്തെ ആറു മാസത്തെ സാലറി നൽകിയിട്ടുമില്ല. ദിവസേന 11 മണിക്കൂറിൽ കൂടുതലാണ് ജോലി ചെയ്തിരുന്നത്. ഓവർടൈം ആനുകൂല്യങ്ങൾ കിട്ടിയിരുന്നില്ല. ഒടുവിലായി പണി കുറവാണെന്നും അതുകൊണ്ട് ജോലിക്കാരുടെ എണ്ണം കുറക്കുന്നതിനാൽ എന്നെ പിരിച്ചുവിടും എന്നാണ് അറിയിച്ചിട്ടുള്ളത്. ബാക്കിയുള്ള സാലറി ചോദിച്ചെങ്കിലും അതും നൽകിയിട്ടില്ല. ഇപ്പോൾ ലേബറിൽ പരാതി നൽകേണ്ടത് എങ്ങനെയാണ്, പരാതി നൽകിയാലുള്ള നടപടി ക്രമങ്ങൾ എന്താണ്?
ശരത് കുമാർ, വാദി കബീർ
ഒമാൻ തൊഴിൽ നിയമം (റോയൽ ഡിക്രി 35/ 2003 ഭേദഗതികളോടെ) പാർട്ട് എട്ട് ആർട്ടിക്ൾ 104 മുതൽ 107 വരെയാണ് തൊഴിൽ തർക്കവും പരാതിപ്പെടലും തീർപ്പാക്കലും സംബന്ധിച്ച് വിശദീകരിക്കുന്നത്. തൊഴിൽ സംബന്ധമായ എല്ലാത്തരം പരാതികളും ഇപ്രകാരം സമർപ്പിക്കാവുന്നതാണ്. നിലവിൽ തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ ഓൺലൈൻ ആയാണ് പരാതി സമർപ്പിക്കേണ്ടത്.
പരാതിയോടൊപ്പം തൊഴിൽ കരാർ അടക്കമുള്ള ബന്ധപ്പെട്ട രേഖകൾ അപ്ലോഡ് ചെയ്യണം. പരാതി സമർപ്പിക്കുന്ന മുറക്ക് പരാതി പരിഗണിക്കുന്ന തീയതി, സമയം, സ്ഥലം എന്നിവ കാണിച്ചുള്ള സന്ദേശം ഇരു കക്ഷികൾക്കും മൊബൈൽ മെസേജ് ആയും ഇ-മെയിലായും ലഭിക്കും. ഇത്തരത്തിൽ നിശ്ചയിക്കപ്പെട്ട സമയത്ത് ബന്ധപ്പെട്ട തൊഴിൽ തർക്ക പരിഹാര കേന്ദ്രത്തിൽ എത്തിയാൽ, പരാതി രമ്യമായി പരിഹരിക്കാനുള്ള ശ്രമമാണ് ആദ്യം നടത്തുക. തൊഴിലുടമയും തൊഴിലാളിയും സമവായത്തിൽ എത്തുന്ന പക്ഷം ഒത്തുതീർപ്പ് വ്യവസ്ഥകൾ കൃത്യമായി രേഖപ്പെടുത്തുകയും അത് നടപ്പാക്കുന്നതിനുള്ള തുടർ നടപടികളിലേക്ക് കടക്കുകയും ചെയ്യും.
ഏതെങ്കിലും സാഹചര്യത്തിൽ സമ്മതിച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ തൊഴിലുടമ പാലിക്കാതെ വന്നാൽ വ്യവസ്ഥകൾ സമ്മതിച്ച് രേഖപ്പെടുത്തപ്പെട്ട സമയം മുതൽ നടപ്പിൽ വരുത്തുന്നതുവരെ കാലാവധിയിലെ സാലറിക്ക് തത്തുല്യമായ തുകക്ക് തൊഴിലാളിക്ക് അർഹത ഉണ്ടായിരിക്കും. തർക്ക പരിഹാര കേന്ദ്രത്തിൽ ഇരുകൂട്ടരും ഒരു ഒത്തു തീർപ്പു വ്യവസ്ഥയിൽ എത്തിയില്ലെങ്കിൽ അല്ലെങ്കിൽ ഒരു ഒത്തുതീർപ്പിൽ എത്തിയിട്ടും അത് നടപ്പിലാക്കുന്നതിൽ ഏതെങ്കിലും കക്ഷി വിമുഖത കാട്ടിയാൽ രണ്ടാഴ്ചക്കകം ബന്ധപ്പെട്ട ഡയറക്ടറേറ്റ് കൃത്യമായ അധികാര പരിധിയുള്ള കോടതി മുമ്പാകെ ബന്ധപ്പെട്ട പരാതിയുടെയും, ഇരു കക്ഷികളുടെയും വാദമുഖങ്ങളും ഉൾക്കൊള്ളിച്ച് ഒരു മെമ്മോറാണ്ടം തയാറാക്കി സമർപ്പിക്കുന്നതാണ്. സാധാരണ ഗതിയിൽ ഇത്തരത്തിൽ റഫർ ചെയ്യപ്പെട്ട പരാതി ലഭിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ കോടതി ഇത്തരം കേസുകളിൽ പരാതി കേൾക്കുന്നതിന് വിചാരണത്തീയതി നിശ്ചയിക്കുകയും വിചാരണത്തീയതിയും, ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച മെമ്മോറാണ്ടത്തിെൻറ പകർപ്പടക്കം തൊഴിലുടമയെയും തൊഴിലാളിയെയും, ഡയറക്ടറേറ്റിലും ഇൻറിമേറ്റ് ചെയ്യുകയും ചെയ്യും. ഒരു തൊഴിലാളിയുടെ പിരിച്ചുവിടലിനെ സംബന്ധിച്ചാണെങ്കിൽ ആദ്യ വിചാരണത്തീയതി മുതൽ രണ്ട് ആഴ്ചക്കകം തന്നെ കോടതി ഉചിതമായ തീരുമാനത്തിൽ എത്തി താൽക്കാലിക വിധി പുറപ്പെടുവിക്കുന്നതാണ്. ഇത്തരത്തിൽ പിരിച്ചുവിടൽ അന്യായമാണെന്ന് ബോധ്യപ്പെട്ടാൽ പിരിച്ചുവിടൽ നടപടിയെ സ്റ്റേ ചെയ്യുകയും ചെയ്യും.
പിരിച്ചുവിടൽ സ്റ്റേ ചെയ്യപ്പെട്ടാൽ തൊഴിലാളിയെ ജോലിയിൽ പുനഃപ്രവേശിപ്പിക്കുകയോ ഇക്കാര്യത്തിൽ കോടതിയുടെ അന്തിമ വിധി വരുന്നതു വരെ തൊഴിലാളിയുടെ വേതനത്തിന് തുല്യമായ തുക നൽകുകയോ ചെയ്യേണ്ടതാണ്. പിരിച്ചുവിടൽ ഏകപക്ഷീയമോ, നിയമ വിരുദ്ധമോ ആണെന്ന് കോടതി കണ്ടെത്തിയാൽ തൊഴിലാളിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിനോ മാന്യമായ ഒരു നഷ്ടപരിഹാരം തൊഴിലാളിക്ക് നൽകുന്നതിനോ തൊഴിലുടമയോട് നിർദേശിക്കുകയാണ് ചെയ്യുക.
താഴെ പറയുന്ന ആനുകൂല്യങ്ങളും ലഭിക്കും
1. നിയമപരമായി ലഭിക്കേണ്ട ഗ്രാറ്റ്വിറ്റി അടക്കം ജോലിയിൽ നിന്ന് പിരിഞ്ഞുപോകുമ്പോഴുള്ള ആനുകൂല്യങ്ങളോ, തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങളോ ഏതാണോ കൂടുതൽ അത്.
2. നിയമം അനുശാസിക്കുന്ന നോട്ടീസ് കാലാവധിയിൽ തൊഴിലാളിയുടെ ആനുകൂല്യങ്ങളോടെയുള്ള അടിസ്ഥാന ശമ്പളമോ തൊഴിൽ കരാർ പ്രകാരമുള്ളതോ ഏതാണോ കൂടുതൽ അത്. ഇങ്ങനെ തൊഴിലാളിക്ക് ലഭിക്കുന്ന മൊത്തം തുകയിൽ നിന്നും കോടതിയുടെ പിരിച്ചുവിടൽ ഉത്തരവ് സ്റ്റേ ചെയ്ത് പുറപ്പെടുവിച്ച വിധി പ്രകാരം താൽക്കാലികമായി തൊഴിലുടമയിൽ നിന്നും ലഭിച്ച തുക കുറവ് ചെയ്യുന്നതായിരിക്കും. തൊഴിൽ സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി തൊഴിലുടമ ഏതെങ്കിലും തരത്തിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ പ്രാഥമികമായി അവയെ ആശ്രയിക്കേണ്ടതാണ്. അത്തരം സംവിധാനങ്ങളുടെ അഭാവത്തിലും, അങ്ങനെ പരിഹരിക്കപ്പെട്ടില്ലയെങ്കിലുമാണ് ബന്ധപ്പെട്ട ഡയറക്ടറേറ്റിൽ പരാതി നൽകേണ്ടത്.
(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ച് അറിവ് നൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.