രാജ്യത്ത് അനുമതിയില്ലാതെ പണം പിരിക്കൽ കുറ്റകരം
text_fieldsമസ്കത്ത്: രാജ്യത്ത് പൊതുജനങ്ങളിൽ നിന്ന് അനുമതിയില്ലാതെ പണം പിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് സാമൂഹിക വികസന മന്ത്രാലയം. ഒമാൻ പീനൽ കോഡിലെ ആർട്ടിക്കിൾ 299, 300 പ്രകാരം ഇത്തരത്തിൽ പണപ്പിരിവ് നടത്തുന്നവർക്ക് തടവും പിഴയുമടക്കം ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. അനുമതിയില്ലാതെ പലരും പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചത്. രാജ്യത്തിനകത്തോ പുറത്തോ ഉപയോഗിക്കാനുള്ള പണമാണെങ്കിലും അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കാനാവുകയുള്ളൂവെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ആർട്ടിക്കിൾ 299 പ്രകാരം ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് മാസം വരെ തടവും 200 റിയാൽ മുതൽ 600 റിയാൽ വരെ പിഴയും ചുമത്തും. ആർട്ടിക്കിൾ 300 പ്രകാരം ലൈസൻസില്ലാതെ പണംപിരിക്കുകകയും രാജ്യത്തിന് പുറത്തേക്ക് അയക്കുകയും ചെയ്താൽ മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 2000 റിയാൽ വരെ പിഴയും ഈടാക്കും. നിയമപരമായി പ്രവർത്തിക്കുന്ന ക്ലബുകൾക്കും സംഘടനകൾക്കും മന്ത്രാലയത്തിന്റെ അനുമതിയോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം പിരിക്കാനാകും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത കൃത്യമായ ചാരിറ്റി ലക്ഷ്യവുമുള്ളവർക്കാണ് ഇത്തരത്തിൽ പണം പിരിക്കാനാവുക.
സാമൂഹിക സംരംഭങ്ങളെ സഹായിക്കുന്നതിന് ചാരിറ്റബിൾ സംഭാവനകൾക്കായി `ജൗദ്' എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം മന്ത്രാലയം പുറത്തിറക്കിയിരുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഈ പേയ്മെന്റ് പ്ലാറ്റ്ഫോം വഴി രാജ്യത്തെ ചാരിറ്റബിൾ സംഘടനകൾക്കും സന്നദ്ധ സേവകർക്കും സുരക്ഷിതമായി പണം കൈമാറാൻ കഴിയും.
സംഭാവന പ്രക്രിയ കാര്യക്ഷമമാക്കാനും ഫണ്ട് യഥാർഥ ആവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കലുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങൾക്ക് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കലുമാണ് ഈ നിയന്ത്രണം വഴി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.