കേരളത്തനിമ വിളിച്ചോതി ഒ.ഐ.സി.സി ഒമാന്‍ ഓണാഘോഷം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വാദി കബീറിലെ മസ്കത്ത് ക്ലബ് ഹാളില്‍ നടന്ന പരിപാടിക്ക് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ ചരിത്ര വിജയം ഇരട്ടിമധുരമായി. പുതുപ്പള്ളിയിലെ വിജയാഹ്ലാദം പങ്കുവെച്ച് ലഡു വിതരണത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഒമാനിലെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഡോ. രാജശ്രീ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഓണം ആഘോഷിക്കുക എന്നത് ലോകത്തുള്ള ഏതൊരു മലയാളിക്കും ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്നും ഓണാഘോഷം മലയാളി ഉള്ള കാലത്തോളം നിലനില്‍ക്കുമെന്നും ഓണസന്ദേശത്തില്‍ ഡോ. രാജശ്രീ നാരായണന്‍കുട്ടി പറഞ്ഞു. വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി അധ്യക്ഷതവഹിച്ചു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ട്രഷറര്‍ സജി ചങ്ങനാശ്ശേരി, ഐ.ഒ.സി പ്രസിഡന്റ് ഡോ. രത്നകുമാര്‍ തുടങ്ങിയവര്‍ ആശംസ നേർന്നു.
ഒ.ഐ.സി.സിയിലെ സജീവ അംഗങ്ങള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പുലികളി, ഓണപ്പാട്ട്, മോഹിനിയാട്ടം, തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, വള്ളംകളി തുടങ്ങി കേരളത്തനിമ വിളിച്ചോതുന്നതും ദൃശ്യമനോഹരവുമായ നിരവധി കലാപരിപാടികള്‍ അരങ്ങേറി. മാവേലിത്തമ്പുരാനും താലപ്പൊലിയും ചെണ്ടമേളവും പ്രവാസലോകത്തും മലയാളികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ദൃശ്യങ്ങളും ഓര്‍മകളും സമ്മാനിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയൊരുക്കി മലയാളികളുടെ ഓണസങ്കല്പങ്ങളെയെല്ലാം തൊട്ടുണര്‍ത്തിയ അതിവിപുലമായ ഓണാഘോഷമാണ് ഒ.ഐ.സിസി സംഘടിപ്പിച്ചത്. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം മുതുവമ്മേല്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എം.കെ. പ്രസാദ്, സമീര്‍ ആനക്കയം, സെക്രട്ടറി റിസ്വിന്‍ ഹനീഫ്, സന്തോഷ് പള്ളിക്കന്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ വിജയന് തൃശൂര്‍, സിറാജ് നാറൂണ്‍, വനിത വിഭാഗം പ്രസിഡന്റ് ബീന രാധാകൃഷ്ണന്, ഏരിയ കമ്മിറ്റി നേതാക്കളായ ഷൈനു മനക്കര, മണികണ്ഠന്, റിലില്‍ മാത്യു, കിഫില്‍ ഇക്ബാല്‍, റോബിന്, അജോ കട്ടപ്പന, ഹരിലാല്‍, ജാഫര്‍, ദിനേശ് ബഹല, അജ്മല്‍ കരുനാഗപ്പള്ളി, സത്താര്‍, ജലാല്‍, ഷാനവാസ്, ഫെബിന്, ഹിലാല്‍ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വദേശികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടിയില്‍ റിട്ട. റോയല്‍ ഒമാന്‍ പൊലീസ് ഓഫിസര്‍ സൈദ് അല്‍ ബലൂഷിയുടെയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഒ.ഐ.സി.സി ഒമാന്‍ ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റും ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനറുമായ റെജി കെ. തോമസ് സ്വാഗതവും ദേശീയ ജനറല്‍ സെക്രട്ടറി ബിന്ദു പാലക്കല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.