തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ നാലു വനിതകൾക്ക് ഒ.ഐ.സി.സി വിമാന ടിക്കറ്റ് നൽകും
text_fieldsമസ്കത്ത്: തൊഴിൽതട്ടിപ്പിനിരയായി ഒമാനിൽ കുടുങ്ങിയ നാലു വനിതകൾക്ക് നാട്ടിലേക്കുള്ള യാത്രാച്ചെലവ് ഒ.ഐ.സി.സി വഹിക്കുമെന്ന് ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപിള്ള. കൊല്ലം സ്വദേശിനികളാണ് തൊഴിൽ തട്ടിപ്പിനിരയായത്. സ്ത്രീകളുൾപ്പെടെയുള്ളവർ തൊഴിൽ തട്ടിപ്പിനിരയാകുന്നത് വർധിക്കുന്ന സാഹചര്യത്തിൽ പ്രവാസസംഘടനകൾ ഒരുമയോടെ പോരാടണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക, ആതുരസേവന വിഷയങ്ങളിൽ ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തിറങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചുമതലയേറ്റശേഷം നിരവധി പ്രവാസി വിഷയങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പുനരുദ്ധാരണ പാക്കേജുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുമായി ചേർന്ന് നടപ്പാക്കാൻ ഒ.ഐ.സി.സി ശ്രമിക്കും. സൗദിയിലാണ് അടുത്ത ചിന്തൻ ശിബിരം നടക്കുക. കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിൽ 13 രാജ്യങ്ങളിൽകൂടി ഒ.ഐ.സി.സി കമ്മിറ്റി രൂപവത്കരിച്ചു. കെ.പി.സി.സി ആസ്ഥാനത്തു ഗ്ലോബൽ കമ്മിറ്റി ഓഫിസ് തുറക്കാൻ കഴിഞ്ഞെന്നും കുമ്പളത്തു ശങ്കരപിള്ള പറഞ്ഞു.
ഒ.ഐ.സി.സി ഒമാൻ പ്രസിഡന്റ് സജി ഔസപ്പ്, മുതിർന്ന നേതാവും ചിന്തൻ ശിബിരം ചെയർമാനുമായ എൻ.ഒ. ഉമ്മൻ, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിയും ചിന്തൻ ശിബിരം ജനറൽ കൺവീനറുമായ ബിന്ദു പാലയ്ക്കൽ, വൈസ് പ്രസിഡന്‍റുമാരായ മാത്യു മെഴുവേലി, സലിം മുത്തുവമേൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.