ഒമാൻ എണ്ണവില 4.02 ഡോളർ വർധിച്ചു
text_fieldsമസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണവില ഒറ്റദിവസം കൊണ്ട് 4.02 ഡോളർ വർധിച്ചു. ബുധനാഴ്ച 85.74 ഡോളറായിരുന്നു ഒരു ബാരൽ എണ്ണ വില.
അന്താരാഷ്ട്ര വിപണിയിലും എണ്ണവില ഉയരുന്നുണ്ട്. കഴിഞ്ഞ കുറെ ദിവസമായി ഒമാൻ എണ്ണവില താഴോട്ടായിരുന്നു. ബാരലിന് 100 ഡോളർ കടന്നിരുന്ന എണ്ണവില കുറഞ്ഞ് 83 ഡോളർ വരെ എത്തിയിരുന്നു.
അന്താരാഷ്ട്ര മാർക്കറ്റിലെ നിരവധി കാരണങ്ങളാൽ എണ്ണവില ഇനിയും വർധിക്കാനാണ് സാധ്യത. എന്നാൽ, ലോകത്തിലെ പല രാജ്യങ്ങളിലും മാന്ദ്യവും പണപ്പെരുപ്പവും നിലനിൽക്കുന്നത് എണ്ണവിലയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. റഷ്യ എണ്ണ വിൽപനക്ക് പുതിയ വിപണി കണ്ടെത്തുകയാണെങ്കിൽ എണ്ണവില കുറയാനും സാധ്യതയുണ്ട്.
നിലവിൽ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തുന്നതാണ് എണ്ണയുടെ വില വർധിക്കാൻ പ്രധാന കാരണം. ചൈനയിലെ പല നഗരങ്ങളിലും ഇപ്പോഴും കോവിഡ് നിയന്ത്രണങ്ങളുണ്ട്. ചൈനയിലെ 13 ദശലക്ഷം പേർ താമസിക്കുന്ന സിയാൻ നഗരത്തിൽ ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. എന്നാൽ, ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുമാറ്റുമെന്ന് പ്രസിഡൻറ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ചൈന സന്ദർശിക്കുന്ന വിദേശികളുടെ ക്വാറന്റീൻ 10 ദിവസത്തിൽനിന്ന് ഏഴുദിവസമായി ചുരുക്കാനും നീക്കമുണ്ട്. നിയന്ത്രണങ്ങൾ അയയുന്നതോടെ ചൈനക്ക് കൂടുതൽ എണ്ണ ആവശ്യമായിവരും. ഇത് എണ്ണവില ഇനിയും വർധിക്കാൻ കാരണമാകും.
റഷ്യ ദിവസവും 9.9 ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. യൂറോപ്യൻ നിയന്ത്രണം നിലവിൽ വന്നതോടെ മാർക്കറ്റിൽ എണ്ണയുടെ വൻ കുറവുണ്ട്. അതോടൊപ്പം ഒപെക് അംഗരാജ്യങ്ങളും സഖ്യരാജ്യങ്ങളും എണ്ണ ഉൽപാദനം കുറക്കുന്നതും അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില ഇനിയും ഉയരാൻ കാരണമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.