എണ്ണ വില കുതിച്ചുയരുന്നു; വിനിമയനിരക്കും സ്വർണവിലയും സർവകാല റെക്കോഡിൽ
text_fieldsമസ്കത്ത്: അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുതിച്ചുയരുന്നു. ഒമാൻ അസംസ്കൃത എണ്ണവില തിങ്കളാഴ്ച ബാരലിന് 125.16 ഡോളറിലെത്തി. വെള്ളിയാഴ്ച ബാരലിന് 108.87 ഡോളറായിരുന്നു വില. 16.29 ഡോളറാണ് വാരാന്ത്യംകൊണ്ട് വർധിച്ചത്.
ആഗോള മാർക്കറ്റിൽ എണ്ണ വില ഇനിയും കുതിച്ചുയരുമെന്നാണ് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നത്. എണ്ണ വില വർധിച്ചതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണവിലയും ഉയരാൻ തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഒമാനിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 24.250 റിയാലായിരുന്നു വില. രാവിലെ വില 24.300 വരെ എത്തി. ഇതു സർവകാല റെക്കോഡാണ്. ഇതോടെ വിനിമയ നിരക്കും ഉയർന്നു. തിങ്കളാഴ്ച ഉച്ചയോടെ വിനിമയ നിരക്ക് സർവകാല റെക്കോഡിലെത്തി. ആഗോള വിനിമയ ഏജൻസികൾ ഒരു റിയാലിന് 200.532 രൂപ എന്ന നിരക്കാണ് തിങ്കളാഴ്ച ഉച്ചവരെ കാണിച്ചിരുന്നത്.
ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ ഒരു റിയാലിന് 199.50 രൂപ എന്ന നിരക്കാണ് നൽകിയത്. ഒമാൻ റിയാലിന് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന വിനിമയ നിരക്ക് 198.90 രൂപയാണ്. കോവിഡ് വ്യാപനത്തിന്റെ മൂർധന്യത്തിൽ 2020 ഏപ്രിലിലാണ് ഈ നിരക്ക് ലഭിച്ചത്. പിന്നീട് വിനിമയ നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 16നും ഒരു റിയാലിന് 198 രൂപ ലഭിച്ചിരുന്നു. 10 വർഷം മുമ്പ് ഇതേ മാസം 10ന് 129 റിയാലായിരുന്നു വിനിമയ നിരക്ക്.
വിനിമയ നിരക്ക് ക്രമേണ ഉയർന്ന് 2013 ആഗറ്റിൽ 178 രൂപയായി ഉയർന്നു. പിന്നീട് നിരക്ക് താഴോട്ട് പോവുകയും 2016 ഫെബ്രുവരിയിൽ വീണ്ടും 178 രൂപയിലെത്തുകയുമായിരുന്നു. 2018 ഒക്ടോബറിലാണ് വിനിമയ നിരക്ക് 192 രൂപയിലെത്തുന്നത്. അതുമുതൽ നിരക്ക് 190 -195 നും ഇടയിൽ നിൽക്കുകയായിരുന്നു. ഈ വർഷം ജനുവരി 11ന് 192.500 ആയിരുന്നു വിനിമയ നിരക്ക്. പിന്നീട് ക്രമേണ ഉയരുകയും റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ നിരക്ക് കുതിച്ചുയരുകയുമായിരുന്നു. എണ്ണവില വർധിച്ച സാഹചര്യത്തിൽ വിനിമയ നിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. പ്രമുഖ ധനശാസ്ത്രജ്ഞനായ അമർത്യ സെൻ എണ്ണ വില 150 ഡോളറിലെത്തുമെന്ന് നേരത്തേ പ്രവചിച്ചിരുന്നു.
എണ്ണ വില ഇപ്പോൾ 2008 ലെ ഉയർന്ന നിരക്കാണ് ഭേദിക്കുന്നത്. റഷ്യയുടെ എണ്ണ ബഹിഷ്കരണം നടപ്പാവുകയാണെങ്കിൽ വില ബാരലിന് 200 ഡോളറിലെത്തുമെന്ന് ബാങ്ക് ഓഫ് അമേരിക്ക തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. എന്നാൽ, ഇറാൻ ആണവ പ്രശ്നം പരിഹരിക്കുകയും ഇറാനിയൻ എണ്ണ മാർക്കറ്റിലെത്തുകയും ചെയ്യുകയാണെങ്കിൽ എണ്ണവിലയിൽ കുറവുണ്ടാവും.യുക്രെയ്ൻ പ്രശ്നം അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇറാൻ ആണവ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും ആക്കം വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.