എണ്ണവില ഉയരുന്നു; ബാരലിന് 82 ഡോളർ കടന്നു
text_fieldsമസ്കത്ത്: ഒമാൻ അസംസ്കൃത എണ്ണവില ഉയർന്ന് വീണ്ടും 82.7 ഡോളറിലെത്തി. കഴിഞ്ഞ ഏപ്രിൽ അവസാനത്തിന് ശേഷമുള്ള ഉയർന്ന വിലയാണിത്. വ്യാഴാഴ്ച 81.05 ഡോളറായിരുന്നു വില. വെള്ളിയാഴ്ച 1.5 ഡോളറാണ് വർധിച്ചത്. ബുധനാഴ്ചയും 1.14 ഡോളർ ഉയർന്നിരുന്നു. വില ഇനിയും ഉയരാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഒപെക് അംഗരാജ്യങ്ങളും മറ്റ് എണ്ണ ഉൽപാദക രാജ്യങ്ങളും ഉൽപാദനം വെട്ടിക്കുറച്ചതാണ് വില ഉയരാൻ പ്രധാന കാരണം. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ ശക്തിപ്രാപിക്കുന്നതും കാരണമായിട്ടുണ്ട്.
കഴിഞ്ഞ മേയ് മാസത്തിൽ വില ഇടിഞ്ഞതോടെ ഉൽപാദനം വെട്ടിക്കുറക്കാൻ സൗദി അറേബ്യയും നിരവധി അംഗരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സൗദി അറേബ്യ, ലിബിയ, നൈജീരിയ തുടങ്ങിയ നിരവധി രാജ്യങ്ങൾ എണ്ണ ഉൽപാദനം കുറച്ചിരുന്നു. റഷ്യ എണ്ണയുടെ കയറ്റുമതി വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഇതോടെ ലോക രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കുറവ് എണ്ണയാണ് ഉൽപാദിപ്പിക്കുന്നത്. മാത്രമല്ല, ചൈന അടക്കമുള്ള രാജ്യങ്ങളിൽ എണ്ണയുടെ ഉപഭോഗം വർധിക്കുകയും ചെയ്തു.
ആഗസ്റ്റ് മാസം പൊതുവേ ലോകത്ത് എണ്ണ ഉപഭോഗം വർധിക്കുന്ന മാസമാണ്. ഇത്തരം കാരണങ്ങളാൽ ലോകരാജ്യങ്ങളിൽ എണ്ണയുടെ കമ്മി അനുഭവപ്പെടുന്നുണ്ട്. ഇതാണ് വില വ ർധിക്കാൻ പ്രധാന കാരണം. അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ ശക്തിപ്രാപിക്കുന്നതും എണ്ണവിലയെ ബാധിക്കുന്നുണ്ട്.അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ മെച്ചപ്പെട്ട നിലയിലാണെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കൻ പണപ്പെരുപ്പം കണക്കുകൂട്ടിയതിനെക്കാൾ കുറവായത് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥക്ക് അനുഗ്രഹമായി മാറിയിരിക്കുന്നു. അമേരിക്കൻ പണപ്പെരുപ്പം 3.1 ശതമാനമായി വർധിക്കുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, പണപ്പെരുപ്പം മൂന്നു ശതമാനമായി കുറഞ്ഞത് അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതിനടക്കം കാരണമായി.
എണ്ണവില വർധിക്കുന്നത് ഒമാൻ സാമ്പത്തിക വ്യവസ്ഥക്ക് ഏറെ അനുഗുണമാവും. സാമ്പത്തിക നില ഭദ്രമാക്കാനും ബജറ്റ് കമ്മി ഇല്ലാതാക്കാനും സഹായിക്കും. ബാരലിന് 50 ഡോളർ എന്ന നിലക്കാണ് ഈ വർഷത്തെ ബജറ്റ് തയാറാക്കിയിരിക്കുന്നത്. എണ്ണവില വർധിക്കുന്നതിനനുസരിച്ച് കമ്മിയുടെ അനുപാതം കുറയുകയും മിച്ച ബജറ്റിലെത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.