ഒലീവ് പൂക്കുന്ന പെരുന്നാൾ
text_fieldsഎന്റെ അറിവില്ലായ്മ കാരണം ഞാന്‍ നിന്നെ ജന്മദേശമെന്ന് വിളിച്ചു, ജന്മദേശവും കീഴടക്കപ്പെട്ടു എന്ന് ഞാന്‍ മറന്നുപോയി
ഫലസ്തീന് ദേശീയതയുടെ കവി മഹ്മൂദ് ദര്‍വേശ് 1992ല്‍ എഴുതിയ ‘റീത്താസ് വിന്റര്‍’ എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജന്മദേശം വിട്ട് പലായനം ചെയ്യപ്പെട്ട ഫലസ്തീനികളെ കാണാൻ സാധിക്കും. ചുറ്റും ആഘോഷങ്ങളും ആരവങ്ങളും മാറിമാറി വരുമ്പോഴും മനസ്സ് ഫലസ്തീനിന്റെ തെരുവോരങ്ങളിൽ, ടെന്റുകളിൽ, ഹോസ്പിറ്റലുകളിലൊക്കെ ഉറ്റവരെ തേടിയലയുന്നവരായിരിക്കും അവർ.
ഇങ്ങ് ഒമാനിലെ പെരുന്നാൾ ഒരുക്കത്തിനിടയിലും യുദ്ധം വിതച്ച ദുരിതഭൂമിയിലേക്ക് മനസ്സും അവർക്കുവേണ്ടിയുള്ള പ്രാർഥനയുമായി കഴിയുകയാണ് നദാ ഖാസിം ഫരീദ് എന്ന ഫലസ്തീൻ യുവതി. കുടുംബവുമൊത്തുള്ള ഓർമകളും തന്റെ കുട്ടിക്കാലത്ത് മുത്തശ്ശിയിൽനിന്ന് കേട്ട പെരുന്നാൾ കഥകളുമൊക്കെയാണ് നദയുടെ ജീവിതത്തിലെ കളറുള്ള ദിനങ്ങൾ.
വർഷങ്ങളായി ഗസ്സയിലെ ആളുകൾക്ക് നഷ്ടപ്പെടലുകളുടെയും ചെറുത്തുനിൽപ്പിന്റെയും പെരുന്നാളുകളാണുള്ളത്. അതിനൊക്കെ മുമ്പുണ്ടായ തന്റെ മുത്തശ്ശിയുടെ പെരുന്നാൾ ഓർമകൾ പങ്കുവെക്കുകയാണ് നദ.
അവരുടെ പെരുന്നാളുകൾ
ഫലസ്തീനിലെ ഈദ് മനോഹരവും വളരെ ലളിതവുമാണെന്ന് മുത്തശ്ശി പറയുമായിരുന്നു. ഇറാഖിലെ ഞങ്ങളുടെ എല്ലാ പെരുന്നാൾ രാവുകളിലും കൈയിൽ മെഹന്തിയിടുന്ന സമയങ്ങളിൽ മുത്തശ്ശിയുടെ പെരുന്നാൾ ഓർമകളുടെ കെട്ടഴിക്കൽ കൂടിയായിരുന്നു. അന്ന് സ്ത്രീകൾ ഒത്തുകൂടി ഫലസ്തീനിയൻ കേക്കുകളും മധുരപലഹാരങ്ങളും ഉണ്ടാക്കുമായിരുന്നത്രേ.
രാത്രി പുരുഷന്മാർ പുറത്ത് പരമ്പരാഗത ഫലസ്തീൻ ഗാനങ്ങൾ ആലപിക്കുകയും സ്ത്രീകൾ അവരോടൊപ്പം കൂടുകയും ചെയ്തിരുന്നു. രാവിലെ അവർ പോയി പെരുന്നാൾ പ്രാർഥന നടത്തുകയും തുടർന്ന് കുടുംബങ്ങളിലേക്കും സുഹൃത്തുക്കളിലേക്കും സന്ദർശനത്തിനായി പോവുകയും ചെയ്യും. ആ പഴയകാലം ഓർത്തെടുക്കുമ്പോൾ മുത്തശ്ശിയുടെ മുഖത്ത് പെരുന്നാൾ പ്രകാശമുണ്ടാവാറുണ്ടായിരുന്നു.
അൽ നഖ്ബ: കുടിയിറക്കപ്പെട്ട ജനതയുടെ കഥ
ഇന്നും ഇന്നലെയുമല്ല, വർഷങ്ങൾക്കും മുമ്പേ ജനിച്ചുവളർന്ന നാടും വീടും വിട്ട് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കാൻ നിർബന്ധിതരായവരാണ് പകുതിയിലധികം ഫലസ്തീനികളും. 1948 മേയ് 14 അർധരാത്രി ഇസ്രായേൽ എന്ന രാജ്യം പിറവികൊണ്ടത് ജൂതർക്കും അറബികൾക്കുമായി ഫലസ്തീനെ വിഭജിക്കാനുള്ള യു.എൻ ജനറൽ അസംബ്ലി തീരുമാനം അനുസരിച്ചായിരുന്നു. യു.എന്‍ തീരുമാനം ജൂതർ സ്വീകരിച്ചു. എന്നാല്‍, അറബ് ലീഗ് രാജ്യങ്ങൾ തിരസ്കരിച്ചു. ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്, മേയ് 15 അറബ് വംശജര്‍ ദുരന്തദിനമായി കണക്കാക്കി. ദുരന്തദിനം എന്ന് അര്‍ത്ഥം വരുന്ന ‘നഖ്ബ’ എന്ന പ്രയോഗമായിരുന്നു അറബ് വംശജര്‍ ഈ ദിവസത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത്. 1948ലെ ഇസ്രായേൽ പ്രഖ്യാപനത്തിനു പിന്നാലെ ഫലസ്തീൻ ജനതക്ക് നടത്തേണ്ടിവന്ന പലായനത്തെ അനുസ്മരിപ്പിക്കുന്നതാണ് നഖ്ബ. ഏഴര ലക്ഷത്തോളം വരുന്ന ജനങ്ങളാണ് 1948ലെ യുദ്ധത്തെത്തുടർന്ന് ഫലസ്തീന് ഗ്രാമങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടത്.
നദയുടെ മുത്തച്ഛനും മുത്തശ്ശിയും
1948ൽ നടന്ന കൂട്ട പലായനത്തിലാണ് നദാ ഖാസിം ഫരീദിന്റെ മുത്തശ്ശിയും മുത്തശ്ശനും ഇറാഖിലേക്ക് പോകാൻ നിർബന്ധിതരാകുന്നത്. ‘76 വർഷം മുമ്പ്, എന്റെ മുത്തശ്ശിയും മുത്തശ്ശനും ഹൈഫയുടെ പടിഞ്ഞാറൻ തീരത്തുള്ള ഇങ്കസാൽ ഗ്രാമം വിട്ടുപോകാൻ നിർബന്ധിതരായി. അവർ ഗസ്സ മുനമ്പിൽ അഭയാർഥികളാവുകയും ഇറാഖിലേക്ക് പലായനം ചെയ്യപ്പെടുകയും ചെയ്തു.
ഗ്രാമം ഉപേക്ഷിച്ചതിന്റെ വേദനയെക്കുറിച്ചും ആ വർഷം ഗസ്സ മുനമ്പിൽ അവർ അനുഭവിച്ച കഠിനമായ ശൈത്യകാലത്തെക്കുറിച്ചും മുത്തശ്ശി എന്നോട് പറഞ്ഞിട്ടുണ്ട്. എന്നെങ്കിലുമൊരിക്കൽ പിറന്ന നാട്ടിലേക്ക് തിരിച്ചു വരാം എന്ന പ്രത്യാശയിൽ കൈയിൽ കിട്ടിയതെടുത്ത് അന്ന് നാടുവിടുമ്പോൾ മനസ്സിൽ ഒരു വിങ്ങലായിരുന്നുവെന്ന് മുത്തശ്ശി ഇടക്കൊക്കെ പറയാറുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പും ജന്മദേശത്തേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. ഫലസ്തീൻ ഒരു വികാരമാക്കി അവർ മക്കളെയും പിന്നീട് ഞങ്ങളെയും പഠിപ്പിച്ചു.
ഫലസ്തീനിലെ നദയുടെ മുത്തച്ഛനും മുത്തശ്ശിയും താമസിച്ചിരുന്ന ഗ്രാമം
ഫലസ്തീൻ തിരികെ വിളിക്കുന്നു
2006ലാണ് നദാ ഖാസിം ഫരീദ് വിവാഹിതയായി ഒമാനിലെത്തുന്നത്. നദയുടെ പൂർവികരുടെ നാടാണ് ഫലസ്തീൻ. 1948ലെ കൂട്ടപ്പലായനത്തിനു ശേഷം ഇറാഖിലെ ബഗ്ദാദിലേക്ക് പറിച്ചുനടപ്പെട്ട കുടുംബമാണ് ഇവരുടേത്. ഇന്നും ആ യുദ്ധത്തിന്റെ നടുക്കവും ഓർമകളും മൂന്നാം തലമുറയെയും വേട്ടയാടപ്പെടുന്നത് ഒരുപക്ഷേ ഇവരുടെ ജീവിതത്തിലേക്ക് നോക്കിയാൽ വ്യക്തമാണ്. നദ ജനിച്ചതും വളർന്നതും ഇറാഖിൽ ആണെങ്കിലും മനസ്സിൽ സ്വന്തം നാട് ഫലസ്തീൻ തന്നെയാണ്. അവിടത്തെ ജനതക്കുവേണ്ടി സമൂഹ മാധ്യമം വഴി നിരന്തരം ശബ്ദമുയർത്തുന്ന നദയുടെ വലിയ സ്വപ്നങ്ങളിലൊന്ന് ഫലസ്തീൻ ജനതയുടെ മോചനവും തന്റെയും കുടുംബത്തിന്റെയും ഫലസ്തീനിലേക്കുള്ള തിരിച്ചുപോക്കുമാണ്.
‘‘ഗസ്സ ഞങ്ങളെ തിരികെ വിളിക്കുന്ന സ്വപ്നമാണ്. ചെറുപ്പം മുതൽ കേട്ടു വളർന്നതത്രയും ഫലസ്തീനിനെക്കുറിച്ചുള്ള കഥകളാണ്. കല്ലും കവണകളുമായി ആയുധങ്ങളേന്തിയ പട്ടാളക്കാരെ ഭയലേശമെന്യേ നേരിടുന്ന ഫലസ്തീനിയൻ ജനതയെക്കുറിച്ച്, ക്രൂരമർദനങ്ങൾ ഏറ്റുവാങ്ങിയാലും വെടിയുണ്ട നെഞ്ചിൻകൂട് തുളഞ്ഞുകയറിയാലും ‘നിന്നെ തോൽപിക്കുന്ന ഒരു ദിവസം വരാനുണ്ടെടാ’ എന്ന് പറഞ്ഞുകൊണ്ട് പുഞ്ചിരിയോടെ മരണത്തെ പുൽകുന്ന അവിടത്തെ ജനങ്ങളുടെ പോരാട്ടവീര്യത്തെക്കുറിച്ച് ഇന്ന് ഞങ്ങൾ ഞങ്ങളുടെ മക്കൾക്ക് പറഞ്ഞുകൊടുക്കുന്നതും അന്ന് ഞങ്ങൾക്ക് ഞങ്ങളുടെ മുത്തശ്ശിയും മുത്തശ്ശനും പറഞ്ഞുതന്ന അതേ കഥകൾ തന്നെയാണ്.
അതെ, ഗസ്സക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അവിടെ ആളുകൾ വർഷങ്ങളായി പീഡനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്, അതിജീവനത്തിന്റെ മന്ത്രം മാത്രം നെഞ്ചേറ്റി ഇതുപോലെ പ്രതിരോധിക്കുന്ന ജനതയെ നിങ്ങൾക്ക് ലോകത്ത് മറ്റെവിടെ കാണാനാകും, ഞങ്ങളുടെ നാട്ടിലല്ലാതെ’’.
പ്രിയപ്പെട്ട നദാ... ഖുദ്സിന്റെ മക്കൾ ചിരിക്കാതെ ലോകം ഒരിക്കലും അവസാനിക്കില്ല എന്നത് ലോകം നിരന്തരം പറയുന്ന കാര്യമാണ്. ഒലിവ് പൂക്കുന്ന നിന്റെ മണ്ണ് നിനക്ക് തിരികെ ലഭിക്കട്ടെ. അന്തിമ വിജയം നിങ്ങൾക്കുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.