ഒളിമ്പിക്സ്: ഉദ്ഘാടനച്ചടങ്ങിൽ മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ
text_fieldsമസ്കത്ത്: പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ മിന്നിത്തിളങ്ങി ഒമാൻ താരങ്ങൾ. സ്പ്രിൻറർമാരായ മസൂൺ അൽ അലാവിയും അലി അൽ ബലൂഷിയുമാണ് ഒമാന്റെ പതാകയേന്തിയത്. ഇവർക്ക് പിറകിലായി ഷൂട്ടർ സഈദ് അൽ ഖത്രി, നീന്തൽ താരം ഇസ അൽ അദാവി എന്നിവരും പ്രതിനിധി സംഘവും അണിനിരന്നു.
സീൻ നദിയുടെ ആറ് കിലോമീറ്റർ നീളത്തിൽ ഔട്ട്ഡോറായിട്ടായിരുന്നു ഉദ്ഘാടന പരിപാടി നടന്നത്. ലോകമെമ്പാടുമുള്ള 7,000 അത്ലറ്റുകൾ 94 ബോട്ടുകളിലും ഫെറികളിലുമായി പങ്കെടുത്തു. വ്യൂവിങ് ഏരിയകളിൽനിന്നും അടുത്തുള്ള ബാൽക്കണിയിൽനിന്നും അഞ്ചുലക്ഷത്തിലധികം കാണികൾ ഈ അപൂർവ കാഴ്ച വീക്ഷിച്ചു.
ചടങ്ങിൽ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാച്ച്, വിവിധ ആഗോള നേതാക്കളും കായിക രംഗത്തെ പ്രമുഖരോടൊപ്പം ഒമാൻ ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ സുബൈർ, സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ കായിക യുവജന വിഭാഗം അണ്ടർ സെക്രട്ടറി ബാസിൽ ബിൻ അഹ്മദ് അൽ റവാസ് എന്നിവരും പങ്കെടുത്തു.
നേരത്തെ എത്തിയ ഷൂട്ടിങ് ടീമിനൊപ്പം അത്ലറ്റിക്സ്, നീന്തൽ ടീമുകൾക്കൊപ്പം ഒമാൻ പ്രതിനിധി സംഘം വ്യാഴാഴ്ച ഒളിമ്പിക് വില്ലേജിലെത്തി. ഒമാനിലെ ഷെഫ് ഡി മിഷന്റെ പ്രതിനിധി അലി ബിൻ സലിം അൽ ബുസൈദി പാരിസ് എയർപോർട്ടിലും ഒളിമ്പിക് വില്ലേജിലും ടീമംഗങ്ങളെ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.