ഒമാൻ: ഈ വർഷം 2000 ഭവന വായ്പകൾക്ക് അംഗീകാരം നൽകി
text_fieldsമസ്കത്ത്: 2023ന്റെ ആദ്യ പകുതിയിൽ ഒമാൻ ഹൗസിങ് ബാങ്ക് (ഒ.എച്ച്.ബി) 8.6 കോടിയിലധികം മൂല്യമുള്ള 2000 ഭവന വായ്പകൾക്ക് അംഗീകാരം നൽകി. ഒമാനിലെ വിവിധ ഗവർണറേറ്റുകളിലായാണ് വായ്പകൾ അനുവദിച്ചത്. അർഹരായ അപേക്ഷകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് ബാങ്ക് വായ്പകൾക്ക് അംഗീകാരം നൽകിയത്. മസ്കത്ത് ഗവർണറേറ്റിൽ ഒ.എച്ച്.ബി മുഖേന അനുവദിച്ച ഭവന വായ്പകളുടെ എണ്ണം 502 ആണ്. സലാലയിൽ 92, സുഹാറിൽ 276, സൂറിൽ 115, നിസ്വയിൽ 267, ഖസബിൽ 17 എന്നിങ്ങനെയാണ് ഭവന വായ്പകൾ അനുവദിച്ചത്.
അൽ ബുറൈമിയിൽ 147 ലോണുകളും ഒ.എച്ച്.ബിയുടെ ഇബ്ര ബ്രാഞ്ച് വഴി 89 വായ്പകളും നൽകിയപ്പോൾ, റുസ്താഖ് ശാഖയാണ് അംഗീകൃത ഭവന വായ്പകളുടെ ഏറ്റവും ഉയർന്ന ശതമാനം (ആകെ 515 വായ്പകൾ) അനുവദിച്ചത്. 1977ൽ സ്ഥാപിതമായത് മുതൽ 2022 അവസാനം വരെ, 140 കോടിയിൽ കൂടുതൽ മൂല്യമുള്ള 52,000 സബ്സിഡിയുള്ള ഭവന വായ്പകൾക്ക് ബാങ്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഒമാൻ ഹൗസിങ് ബാങ്ക് സി.ഇ.ഒ മൂസ മസൂദ് അൽ ജാദിദി ഒമാൻ വാർത്ത ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.