കഴിഞ്ഞവർഷം പിടികൂടിയത് 21 ടൺ മയക്കുമരുന്ന്; നടപടി ശക്തമാക്കി ഒമാൻ
text_fieldsമസ്കത്ത്: കഴിഞ്ഞവർഷം റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പിടികൂടിയത് 21 ടൺ മയക്കുമരുന്നും രണ്ട് ദശലക്ഷം ലഹരി ഗുളികളുമാണെന്ന് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കോംബാറ്റിങ് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സുലൈമാൻ ബിൻ സെയ്ഫ് അൽ തംതാമി പറഞ്ഞു.
രാജ്യങ്ങളുടെ സുരക്ഷയിലും സമൂഹങ്ങളിലും കനത്ത പ്രത്യാഘാതമുണ്ടാക്കുന്ന മയക്കുമരുന്നിന്റെ കടത്ത് തടയാൻ വലിയ ശ്രമങ്ങളാണ് ആർ.ഒ.പിയുടെ ഭാഗത്തുനിന്ന് നടക്കുന്നത്.
ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവർ രാജ്യത്ത് നിയമപാലകരെ കബളിപ്പിക്കാൻ വ്യത്യസ്ത രീതികളാണ് സ്വീകരിച്ചുവരുന്നത്. ബോട്ടുകളിലും മറ്റും എത്തുന്ന സംഘം അധികൃതരുടെ കണ്ണുവെട്ടിച്ച് തീരത്തെത്തുകയാണെങ്കിൽ മയക്കുമരുന്ന് മണലിൽ പൂഴ്ത്തിവെക്കുകയാണ് ചെയ്യുന്നത്. ചിലപ്പോൾ നിർമാണ സാമഗ്രികൾ, ഭക്ഷണം, മറ്റ് സ്ഥലങ്ങൾ എന്നിവയിൽ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ, ഉദ്യോഗസ്ഥരുടെ ജാഗ്രതകാരണം ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനും സാധിച്ചിട്ടുണ്ടെന്ന് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കോംബാറ്റിങ് ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സുലൈമാൻ ബിൻ സെയ്ഫ് അൽ തംതാമി പറഞ്ഞു. ലഹരികടത്ത് തടയാനായി കമ്യൂണിറ്റി പങ്കാളിത്തവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്.
മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുന്നതിന് സേനയെ സജ്ജരാക്കാനും പരിശീലിപ്പിക്കാനും ആർ.ഒ.പി നിരന്തരം ശ്രമിച്ചിട്ടുണ്ടെന്നും ജോലികൾ പൂർണമായി നിർവഹിക്കാനുള്ള സാമ്പത്തികവും സാങ്കേതികവുമായ കഴിവുകൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അൽ തംതാമി പറഞ്ഞു. മയക്കുമരുന്ന് കടത്തുന്നവർക്കും അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുമായി സഹകരിച്ച് ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കും കർശനമായ ശിക്ഷാ നടപടികളാണ് രാജ്യത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.