സുഡാന് സഹായഹസ്തവുമായി ഒമാൻ
text_fieldsമസ്കത്ത്: സംഘർഷം നടക്കുന്ന സുഡാനിലേക്ക് സഹായഹസ്തവുമായി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ നിർദേശത്തെ തുടർന്നാണ് അവശ്യവസ്തുക്കളും ദുരിതാശ്വാസ സാമഗ്രികളും വിമാനങ്ങളിൽ സുഡാനിൽ എത്തിച്ചത്. ഒമാൻ ചാരിറ്റബിൾ ഓൾഗനൈസേഷൻ റോയൽ ഒമാൻ എയർഫോഴ്സിന്റെ സഹകരണത്തോടെയാണ് അവശ്യവസ്തുക്കൾ കയറ്റി അയക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ഒമാൻ നടത്തുന്ന മാനുഷികപ്രവർത്തനങ്ങളുടെ ചട്ടക്കൂടിന്റെ ഭാഗമായാണ് ദുരിതാശ്വാസ വിമാനങ്ങൾ സുഡാനിലേക്ക് പറന്നതെന്ന് അധികൃതർ അറിയിച്ചു.
സുഡാനിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള ൈഫ്ലറ്റുകൾ സർവിസ് നടത്തും. ദിവസങ്ങൾക്കു മുമ്പ് സുഡാനിൽനിന്ന് ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി സുരക്ഷിതമായി സുൽത്താനേറ്റിൽ എത്തിച്ചിരുന്നു. സൗദി അറേബ്യയുമായി സഹകരിച്ചായിരുന്നു ഈ പ്രവർത്തനം.
സിവിലിയന്മാർക്ക് ദ്രോഹമുണ്ടാക്കുന്ന ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കാൻ സുഡാൻ സായുധസേനാ പ്രതിനിധികളും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ഒപ്പുവെച്ച കരാറിനെയും ഒമാൻ സ്വാഗതംചെയ്തിട്ടുണ്ട്. സുഡാന്റെ ഐക്യത്തിനും സുസ്ഥിരതക്കും സുരക്ഷക്കും സുഡാൻ കക്ഷികൾ തമ്മിൽ സംഭാഷണം തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സുൽത്താനേറ്റ് സമാധാനത്തിനും സുസ്ഥിരതക്കും വേണ്ടിയുള്ള സുഡാൻ ജനതയുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ ഒമാൻ പൂർണപിന്തുണയും നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം ദിവസങ്ങൾക്കു മുമ്പ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
സൗദി അറേബ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തിൽ കരാറിലെത്താൻ പ്രാദേശിക, അന്തർദേശീയ കക്ഷികൾ നടത്തിയ ക്രിയാത്മക ഇടപെടലുകളെയും ഒമാൻ അഭിനന്ദിച്ചു. സൗദി അറേബ്യയുടെയും അമേരിക്കയുടെയും സഹകരണത്തോടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവിഭാഗവും ജിദ്ദയിൽ കരാർ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.