ഒമാൻ എയറും സലാം എയറും കോഡ് ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്നു
text_fieldsമസ്കത്ത്: യാത്രക്കാർക്ക് മികച്ച യാത്ര അനുഭവം നൽകുന്നതിനായി ഒമാന്റെ ദേശീയ വിമാനകമ്പനിയായ ഒമാൻ എയറും ബജറ്റ് വിമാനമായ സലാം എയറും കോഡ് ഷെയർ പങ്കാളിത്തം വിപുലീകരിക്കുന്നു.
ഇത് ഒമാനിനുള്ളിലും രാജ്യത്തിനു പുറത്തേക്കും യാത്രക്കാർക്ക് വിപുലമായ അവസരങ്ങൾ നൽകും. ആദ്യ ഘട്ടം ജൂലൈ നാല് മുതൽ പ്രാബല്യത്തിൽ വരും. ഇതുപ്രകാരം ഒമാൻ എയറിന്റെ നെറ്റ്വർക്കുമായി ബന്ധപ്പെടുന്ന സലാം എയറിന്റെ തിരഞ്ഞെടുത്ത റൂട്ടുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ പിന്നീട് കൂട്ടിച്ചേർക്കും. കോഡ്ഷെയർ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഒമാൻ എയർ-സലാം എയർ അധികൃതർ നടത്തിയ യോഗത്തിൽ ദേശീയ വിമാനക്കമ്പനികളെന്ന നിലയിലുള്ള തങ്ങളുടെ ഭാവി സാധ്യതകളെക്കുറിച്ചും ഒമാന്റെ 2040 വിഷന്റെ ഭാഗമായി രാജ്യത്തിന്റെ ടൂറിസം ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുള്ള പൊതു പ്രതിബദ്ധതയെക്കുറിച്ചും ചർച്ച ചെയ്തു.
ഒമാൻ എയറുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് സലാം എയറിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അഡ്രിയാൻ ഹാമിൽട്ടൺ-മാൻസ് പറഞ്ഞു. ഈ വിപുലീകൃത കോഡ്ഷെയർ കരാർ, യാത്രക്കാർക്ക് സമാനതകളില്ലാത്ത യാത്രാ ഒപ്ഷനുകളും മികച്ച സേവനവും നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വിപുലീകരിച്ച കോഡ്ഷെയർ പങ്കാളിത്തത്തിലും ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിലും ഞങ്ങൾ ആവേശഭരിതരാണെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കോൺ കോർഫിയാറ്റിസ് പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് പ്രയോജനം ചെയ്യുന്നതും രാജ്യത്തിന്റെ ടൂറിസം അഭിലാഷങ്ങളെ സേവിക്കുന്നതുമായ കൂടുതൽ തിരഞ്ഞെടുപ്പുകളും ഒപ്ഷനുകളും നൽകാൻ ഞങ്ങളെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.