ജീവനക്കാരോട് വേതനമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ഒമാൻ എയർ
text_fieldsമസ്കത്ത്: ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ചില ജീവനക്കാരോട് വേതനമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച് ഒമാൻ എയർ. പൈലറ്റുമാർ, കാബിൻക്രൂ, എൻജിനീയറിങ്, മെയിൻറനൻസ് ജീവനക്കാർ തുടങ്ങിയവർക്ക് വേതനമില്ലാത്ത അവധിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് സർക്കുലർ നൽകിയതായി അറേബ്യൻ സ്റ്റോറീസ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ ഒന്നുമുതലാണ് നിർദേശം പ്രാബല്യത്തിൽ വരുന്നത്. ഇത് ആറുമാസം വരെ നീണ്ടേക്കാമെന്നും സർക്കുലറിൽ പറയുന്നു. നിലനിൽപ്പിെൻറ ഭാഗമായി ഒമാൻ എയർ അടക്കം ലോകത്തിലെ വിമാന കമ്പനികളെല്ലാംതന്നെ ചെലവുചുരുക്കലിെൻറ പാതയിലാണ്. അധിക ജീവനക്കാരെ ഒഴിവാക്കുന്നതടക്കം നടപടികളാണ് ഇതിെൻറ ഭാഗമായി കൈക്കൊള്ളുന്നതെന്നും സർക്കുലറിൽ പറയുന്നു.
കഴിഞ്ഞ മാർച്ചിൽ എമിറേറ്റ്സ് എയർലൈൻസ് വിമാനജീവനക്കാരോട് വേതനമില്ലാത്ത അവധിയെടുക്കാൻ നിർദേശിച്ചിരുന്നു. പശ്ചിമേഷ്യയിലെ വ്യോമയാന-അനുബന്ധ മേഖലകളിൽ ഒന്നര ദശലക്ഷം തൊഴിൽ നഷ്ടമുണ്ടാകുമെന്നാണ് കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷെൻറ റിപ്പോർട്ട് പറയുന്നത്. അതിനിടെ ഒമാൻ എയർ ഇന്ത്യക്കാരടക്കം 125 പൈലറ്റുമാരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോയിങ് 787, എയർബസ് 330 വിമാനങ്ങളിലെ ക്യാപ്റ്റൻമാരെയും ഫസ്റ്റ്ഒാഫിസർമാരെയുമാണ് ജോലിയിൽനിന്ന് ഒഴിവാക്കിയതെന്ന് കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടിവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു. മറ്റ് വിമാനങ്ങളിലെ വിദേശികളായ പൈലറ്റുമാരോട് വേതനമില്ലാത്ത അവധിയിൽ പോകാനാണ് നിർദേശിച്ചിരിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.