നിക്ഷേപ വർധന ഒമാെൻറ വ്യോമഗതാഗത മേഖലക്ക് കരുത്തേകും
text_fieldsമസ്കത്ത്: നിക്ഷേപത്തിലെ വർധന ഒമാെൻറ വ്യോമഗതാഗത മേഖലക്ക് കരുത്തേകുമെന്ന് റിപ്പോർട്ട്. പുതിയ വിമാനങ്ങൾ വാങ്ങുന്നതും വടക്കൻ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പുതിയ സർവിസുകൾ ആരംഭിക്കുന്നതും നിലവിലെ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നത് അടക്കം നടപടികൾ ടൂറിസം, ചരക്കുഗതാഗത മേഖലകളുടെ വളർച്ചക്കും വഴിയൊരുക്കുമെന്ന് ഒാക്സ്ഫോർഡ് ബിസിനസ് ഗ്രൂപ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.
ദേശീയ വിമാനകമ്പനിയായ ഒമാൻ എയർ ഇൗ വർഷം കാസാബ്ലാങ്ക, ഇസ്തംബൂൾ, റഷ്യ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവിസുകൾ ആരംഭിക്കുക. കഴിഞ്ഞവർഷം മാഞ്ചസ്റ്ററിലേക്കും നൈറോബിയിലേക്കും സർവിസുകൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ വ്യോമയാന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഒമാൻ എയർ എന്നും റിപ്പോർട്ട് പറയുന്നു. സർവിസുകളുടെ എണ്ണം ഇരട്ടിയാക്കുന്നതിെനാപ്പം അഹ്മദാബാദ്, കൊൽക്കത്ത, മംഗലാപുരം എന്നിവിടങ്ങളിലേക്ക് പുതിയ സർവിസുകളുടെ സാധ്യതകളും പരിശോധിച്ചുവരുകയാണ്. 2030ഒാടെ 39 ദശലക്ഷം യാത്രക്കാർ എന്ന ലക്ഷ്യം കൈവരിക്കുന്നതിെൻറ ഭാഗമായുള്ള വികസനപദ്ധതികളാണ് ഒമാൻ എയർ നടത്തിവരുന്നത്. ഇതിെൻറ ഭാഗമായാണ് പുതിയ വിമാനങ്ങൾക്കായും കമ്പനി മുതൽമുടക്കുന്നത്. ബോയിങ്ങിൽനിന്ന് നേരിട്ട് വാങ്ങുന്ന മുപ്പത് 737 മാക്സ് വിമാനങ്ങളിൽ ആദ്യത്തേത് കഴിഞ്ഞമാസം ഒമാൻ എയർ നിരയിൽ ചേർന്നു. ഇൗ വർഷം അഞ്ച് 737 മാക്സ് വിമാനങ്ങൾ കൂടി എത്തും. ബാക്കിയുള്ളവ അടുത്ത വർഷങ്ങളിലും ഒമാൻ എയറിനൊപ്പം ചേരും. യൂറോപ്പിലേക്കും കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളിലേക്കുമുള്ള സർവിസുകളുടെ വർധന ലക്ഷ്യമിട്ട് കഴിഞ്ഞ ഡിസംബറിൽ ബോയിങ് 787-9 ഡ്രീംൈലനർ വിമാനം ഒമാൻ എയർ സ്വന്തമാക്കിയിരുന്നു. നാല് ഡ്രീംലൈനർ വിമാനങ്ങൾ കൂടി ഇൗ വർഷം എത്തും.
2020 വരെ നീളുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതിയിൽ ടൂറിസം മേഖലയിലെ വളർച്ചക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. ഇത് മുൻനിർത്തിയാണ് ഒമാൻ എയറിലെ നിക്ഷേപം വർധിപ്പിക്കുന്നത്. സാമ്പത്തിക വൈവിധ്യവത്കരണ നയങ്ങളിൽ ടൂറിസം മേഖലക്ക് ഒപ്പം ചരക്കുഗതാഗത മേഖലക്കും നിർമാണ മേഖലക്കും വലിയ പ്രാധാന്യമാണ് ഒമാൻ നൽകുന്നെതന്നും റിപ്പോർട്ട് പറയുന്നു. വിമാനസർവിസുകളുടെ വർധനക്കൊപ്പം വിമാനത്താവളങ്ങളിലെ അടിസ്ഥാനസൗകര്യവികസനത്തിനും രാജ്യം വലിയ പ്രാധാന്യമാണ് നൽകുന്നത്. 1.8 ശതകോടി ഡോളർ ചെലവിൽ നിർമാണം പൂർത്തീകരിച്ച പുതിയ മസ്കത്ത് വിമാനത്താവള ടെർമിനൽ ഇൗ മാസം 20ന് പ്രവർത്തനമാരംഭിക്കുകയാണ്. നിലവിലെ വിമാനത്താവളം വഴി കഴിഞ്ഞവർഷം ഏതാണ്ട് 14 ദശലക്ഷം യാത്രക്കാരാണ് കടന്നുപോയത്. 2016 ൽ നിന്ന് യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. പുതിയ വിമാനത്താവള ടെർമിനൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്.
നാലുഘട്ടങ്ങളിലായുള്ള വികസന പ്രവർത്തനങ്ങൾ പൂർത്തിയായാൽ യാത്രക്കാരുടെ ശേഷി പ്രതിവർഷം 48 ദശലക്ഷമായി ഉയരും. പുതിയ സലാല വിമാനത്താവള ടെർമിനൽ 2015ൽ തുറന്നതിന് ശേഷം ഇവിടെനിന്നുള്ള യാത്രക്കാരുടെ എണ്ണവും സർവിസുകളും വർധിച്ചു. കഴിഞ്ഞവർഷം ജൂലൈയിൽ അന്താരാഷ്ട്ര സർവിസുകൾ ആരംഭിച്ച സൊഹാർ വിമാനത്താവളവും വളർച്ചയുടെ പടവുകളിലാണ്. ദുകം വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ഇൗ വർഷം തുറക്കും. ഇതോടെ ഇവിടെ പ്രതിവർഷം ഉൾക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം അഞ്ചുലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് പറയുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള ചരക്കുഗതാഗതത്തിൽ കഴിഞ്ഞ വർഷമുണ്ടായതാകെട്ട 24 ശതമാനത്തിെൻറ വർധനയാണ്. വിവിധ റോഡ് നിർമാണ പദ്ധതികൾ പൂർത്തീകരിച്ചതും ചരക്കുഗതാഗതമേഖലയിൽ ഉണർവിന് വഴിയൊരുക്കിയതായി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.