ലോകകപ്പ് ഫുട്ബാൾ ആവേശവുമായി പറന്നുയരാൻ ഒമാൻ എയർ
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിന്റെ ആവേശത്തിലേക്ക് ഒമാനിൽനിന്നുള്ള ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടിൽ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ ഒമാൻ എയർ പ്രഖ്യാപിച്ചു.
നവംബർ 21 മുതൽ ഡിസംബർ മൂന്നുവരെ മസ്കത്തിനും ദോഹക്കും ഇടക്കുള്ള 48 മാച്ച് ഡേ ഷട്ടിൽ ഫ്ലൈറ്റുകളുടെ ഷെഡ്യൂൾ ആണ് ഒമാൻ എയർ പുറത്തുവിട്ടത്. ബോയിങ് 787 ഡ്രീംലൈനർ ഉൾപ്പെടെയുള്ള വിമാനങ്ങളാണ് സർവിസ് നടത്തുക. ഒമാൻ എയറിന്റെ വെബ്സൈറ്റിൽ (omanair.com) ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇകോണമി ക്ലാസിന് 49 റിയാൽ മുതലും ബിസിനസ് ക്ലാസിന് 155 റിയാൽ മുതലുമാണ് നിരക്ക്. മാച്ചിന് നാലു മണിക്കൂർ മുമ്പ് ദോഹയിലെത്തുംവിധമാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 21ന്റെ ഷെഡ്യൂൾ പ്രകാരം രാവിലെ ആറിനും രാത്രി 10.50നുമിടക്ക് ദോഹയിലേക്ക് 12 സർവിസുകളുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബാൾ പ്രേമികൾക്ക് മസ്കത്തിൽ താമസിച്ച് മത്സരങ്ങൾ കാണാൻ ദോഹയിൽ പോയിവരാൻ കഴിയുംവിധമാണ് സർവിസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒമാനിന്റെ വിനോദസഞ്ചാര സാധ്യതകൾ അനുഭവിക്കാൻ ഒമാൻ എയർ ഹോളിഡേസ് പാക്കേജും ലഭ്യമാണ്. യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യും മുമ്പ് ഫാൻ ഐ.ഡി രജിസ്റ്റർ ചെയ്ത് ഉറപ്പാക്കേണ്ടതാണ്. ലോകകപ്പ് സമയത്ത് ഖത്തറിൽ പ്രവേശിക്കാൻ ഇത് നിർബന്ധമാണ്.
ഏഴ് കിലോയുടെ ഒരു ഹാന്‍ഡ് ബാഗേജ് മാത്രമാണ് അനുവദിക്കുക. ഇവയടക്കമുള്ള യാത്രാ നിബന്ധനകൾ ടിക്കറ്റ് ബുക്ക് ചെയ്യും മുമ്പ് വെബ്സൈറ്റിൽനിന്ന് മനസ്സിലാക്കണമെന്നും ഒമാൻ എയർ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.