പുതിയ മസ്കത്ത് വിമാനത്താവളം: യാത്ര ചെയ്തത് 10 ലക്ഷത്തിലധികം പേർ
text_fieldsമസ്കത്ത്: പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനമാരംഭിച്ചിട്ട് ഇന്ന് ഒരുമാസം തികയുന്നു. പുതിയ ടെർമിനൽ വഴി ഇതിനകം 10 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തത്.
മാർച്ച് 20 മുതൽ ഏപ്രിൽ 15 വരെയുള്ള കണക്കനുസരിച്ച് മൊത്തം 11,19,088 ലക്ഷം പേർ യാത്ര ചെയ്തതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിൻ നാസർ അൽ സാബി പറഞ്ഞു.
മൊത്തം 8,516 വിമാനങ്ങളാണ് ഇക്കാലയളവിൽ സർവിസ് നടത്തിയത്. ഭാവിയിലെ ആവശ്യത്തിന് അനുസരിച്ച് വിമാനത്താവളത്തിെൻറ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്നതിനാണ് വിമാനത്താവളത്തിന് ശേഷിയുള്ളത്. ഇത് ഭാവിയിൽ 5.6 കോടിയായി ഉയർത്താൻ സാധിക്കും. നിലവിലെ ആവശ്യവും ഭാവിയിലെ ആവശ്യങ്ങളും യാഥാർഥ്യമാക്കാൻ സാധിക്കുംവിധം സമഗ്രമായാണ് ഇപ്പോഴത്തെ ടെർമിനൽ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അൽ മവേല സിറ്റിക്ക് എതിർവശത്ത് പടിഞ്ഞാറ് ഭാഗത്തേക്കാണ് ടെർമിനലിെൻറ രണ്ടും മൂന്നും ഘട്ട വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.
നാലാം ഘട്ടത്തിൽ നിലവിലെ ടെർമിനലിെൻറ പടിഞ്ഞാറ് ഭാഗത്തായി പുതിയ ടെർമിനൽ നിർമിക്കുമെന്ന് നാസർ അൽ സാബി പറഞ്ഞു.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം പാക്കേജുകളും പൂർത്തിയായിട്ടുണ്ട്. കാറ്ററിങ് കെട്ടിടം, എയർക്രാഫ്റ്റ് മെയിൻറനൻസ് ഹാങ്ങർ, പഴയ റൺവേയുടെ നവീകരണം, അനുബന്ധമായ ചില ചെറിയ കെട്ടിടങ്ങൾ എന്നിവ മാത്രമാണ് പൂർത്തീകരിക്കാനുള്ളതെന്നും സി.ഇ.ഒ പറഞ്ഞു.
5.80 ലക്ഷം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ നൂതന സംവിധാനങ്ങളോടെയും സൗകര്യങ്ങളോടെയുമാണ് പുതിയ വിമാനത്താവള ടെർമിനൽ നിർമിച്ചിരിക്കുന്നത്. അറൈവൽ, ഡിപ്പാർച്ചർ വിഭാഗങ്ങൾ വേറിട്ടതാക്കിയിരിക്കുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ്. ഏഴായിരം കാറുകൾക്ക് മേൽക്കൂരയോടെയുള്ള പാർക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുതിയ മസ്കത്ത് വിമാനത്താവളം ‘നിശ്ശബ്ദ’ വിമാനത്താവളമാണ്. ആഗോള മാതൃകക്ക് അനുസരിച്ചാണ് ഇൗ രീതി പിന്തുടരുന്നത്. കുറഞ്ഞ അനൗൺസ്മെൻറുകളാണ് ഇവിടെയുള്ളത്. പുതിയ വിമാനത്താവളത്തിലെ സൗകര്യങ്ങളെ കുറിച്ച് യാത്രക്കാർക്ക് മികച്ച പ്രതികരണമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.