പ്രവർത്തനം പുനരാരംഭിക്കൽ: ഒരുക്കം പൂർത്തിയായി –ഒമാൻ എയർപോർട്ട്സ്
text_fieldsമസ്കത്ത്: സുപ്രീം കമ്മിറ്റിയുടെ തീരുമാനം വരുന്ന മുറക്ക് പ്രവർത്തനം പുനരാരംഭിക്കാനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു. സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി എല്ലാവിധ സുരക്ഷാ നടപടികളും ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരമുള്ള നടപടികളെല്ലാം സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റിയുടെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചിരിക്കുന്നത്. രോഗവ്യാപന സാധ്യത പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള സംവിധാനങ്ങളിൽ സെൽഫ് സർവിസിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളതെന്ന് ഒമാൻ വിമാനത്താവള കമ്പനി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. വിമാനത്താവള ടെർമിനലിെൻറ കവാടത്തിൽ ലഗേജ് ട്രോളികൾ രോഗാണുമുക്തമാക്കാനുള്ള സംവിധാനമുണ്ടാകും. പേഴ്സനൽ സാനിറ്റേഷൻ സംവിധാനങ്ങളാണ് അടുത്തത്. ഇവിടെ യാത്രക്കാരനും മൊബൈൽ ഫോൺ അടക്കം സാധനങ്ങളും അണുമുക്തമാക്കാം. ടെർമിനലിലേക്ക് കയറുന്നതിന് മുമ്പ് മുഴുവൻ യാത്രക്കാരുടെയും താപനില പരിശോധിക്കും.
വിമാനത്താവള സംവിധാനങ്ങളിൽ തുടർച്ചയായ സ്റ്റെറിലൈസേഷൻ ഉറപ്പാക്കും. ടെർമിനലുകളിലും മറ്റു കേന്ദ്രങ്ങളിലും സാനിറ്റേഷൻ സൗകര്യങ്ങൾ ഉറപ്പു വരുത്തും. ഇതോടൊപ്പം സെൽഫ് സർവിസ് ചെക് ഇൻ സംവിധാനങ്ങൾ സജ്ജീകരിക്കും. സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനായുള്ള നിർദേശങ്ങൾ സംബന്ധിച്ച് പ്രത്യേക പോസ്റ്ററുകളും പതിപ്പിക്കും. ജീവനക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി ചെക് ഇൻ കൗണ്ടറുകളിൽ ഗ്ലാസ് ബാരിയറുകൾ സ്ഥാപിക്കും. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മുഴുവൻ ആളുകളെയും ഉടൻ വിമാനത്താവള ക്ലിനിക്കിലേക്ക് മാറ്റും. ചെക് ഇൻ ലഗേജുകളും രോഗാണുമുക്തമാക്കും. യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഒമാൻ വിമാനത്താവള കമ്പനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.