കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ ഒമാൻ എയർപോർട്ട്സ്
text_fieldsമസ്കത്ത്: മസ്കത്ത് ഉൾപ്പെടെ രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ യാത്രക്കാരെ എത്തിക്കുന്നതിന് കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ ഒമാൻ എയർപോർട്ട്സ്. ദേശീയ വിമാനക്കമ്പനികളിലൂടെയും മറ്റ് എയർലൈനുകൾ വഴിയും നേരിട്ടുള്ള വിമാനങ്ങൾ ആരംഭിക്കാൻ പുതിയ വിപണികൾ കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് അയ്മാൻ ബിൻ അഹ്മദ് അൽ ഹുസ്നി പറഞ്ഞു.
ഈ വർഷം മസ്കത്ത് അന്താരാഷ്ട്ര എയർപോർട്ടിലേക്ക് ആറ് അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ നാല് കമ്പനികൾ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിച്ചു. മറ്റ് കമ്പനികൾ ഈ വർഷംതന്നെ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പിൽനിന്ന് രണ്ടും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് മൂന്നുമുൾപ്പെടെ കഴിഞ്ഞ വർഷം അഞ്ച് പുതിയ എയർ ലൈനുകളെ എത്തിക്കാൻ സാധിച്ചു.
യൂറോപ്യൻ വിപണികളിൽനിന്ന് ഒമാനിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകളുണ്ട്. ‘ട്രാൻസിറ്റ്’ സംവിധാനവും ഉള്ളതിനാൽ യൂറോപ്യൻ വിപണിയിൽനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് ഏഷ്യയിലേക്കും പോകാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങളിൽ പൈതൃക വിനോദസഞ്ചാര മന്ത്രാലയം കാമ്പയിൻ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സുൽത്താനേറ്റിലെ വിമാനത്താവളങ്ങൾ വഴി യൂറോപ്പിൽനിന്ന് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം 5,00,000 കവിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിപണികൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പൈതൃക, ടൂറിസം മന്ത്രാലയവുമായും ഒമാനിലെയും വിദേശത്തെയും ടൂറിസം കമ്പനികളുമായും സഹകരിക്കുന്നുണ്ടെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ കൂട്ടിച്ചേർത്തു. 80 ലധികം പ്രാദേശിക, അന്തർദേശീയ ലക്ഷ്യസ്ഥാനങ്ങളുമായി ഒമാനെ ബന്ധിപ്പിക്കുന്ന മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവിസ് നടത്തുന്ന എയർ ലൈനുകളുടെ എണ്ണം 36 ആയി ഉയർന്നതായി അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.