മികവിന് ഒമാൻ എയറിന്റെ ആക്ഷൻ പ്ലാൻ
text_fieldsമസ്കത്ത്: രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മികവിന്റെ പാതയിലേക്ക് സമഗ്ര പരിവർത്തനത്തിന് ഒരുങ്ങുന്നു. കമ്പനിയുടെ തുടർച്ചയായ പ്രവർത്തന നഷ്ടവും സാമ്പത്തിക കട ബാധ്യതകളും മുന്നിൽവെച്ച് നടത്തിയ പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് സമഗ്രമായ പുനഃക്രമീകരണ പരിപാടിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ഗതാഗത, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രിയും ഒമാൻ എയർ ചെയർമാനുമായ എൻജിനീയർ സയീദ് ബിൻ ഹമൂദ് അൽ മവാലി വാർത്തസമ്മേളനത്തിലാണ് ഭാവി പ്രവർത്തന പദ്ധതി വെളിപ്പെടുത്തിയത്. പ്രാദേശികവും അന്തർദേശീയവുമായ വ്യോമയാന മേഖലയിലെ വിദഗ്ധരെ ആകർഷിച്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെ പുനഃസംഘടിപ്പിച്ച് ഒമാൻ എയറിന്റെ നിലവിലെ എക്സിക്യൂട്ടിവ് ടീമിൽ വരും മാസങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്നതാണ് പ്രധാനപ്പെട്ട പ്രഖ്യാപനം.
ഒമാൻ എയറിന്റെ നിലവിലെ സർവിസുകളുടെ ലക്ഷ്യസ്ഥാനങ്ങൾ അന്താരാഷ്ട്ര വിദഗ്ധർ പുനർമൂല്യനിർണയം നടത്തിയ ശേഷം തുടരണോ അവസാനിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.
ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകളിൽ സലാം എയറുമായി ഏകോപനം പരിഗണിക്കുമെന്നും സമഗ്ര പരിവർത്തന പരിപാടി നാല് വർഷം തുടരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതികളിലൂടെ മേഖലയിലെ വ്യോമയാന മേഖല സാക്ഷ്യം വഹിക്കുന്ന വലിയ മത്സരത്തിനിടയിൽ അടുത്ത വർഷം ഒമാൻ എയറിന്റെ പ്രകടനം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.