ഒമാനിൽ 15 മുതൽ മസ്ജിദുകൾ തുറക്കും; ജുമുഅക്ക് അനുവാദമില്ല
text_fieldsമസ്കത്ത്: ഒമാനിൽ മസ്ജിദുകൾ തുറക്കാൻ സുപ്രീം കമ്മിറ്റി തീരുമാനം. ചൊവ്വാഴ്ച ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കർശനമായ സുരക്ഷാ മാർഗനിർദേങ്ങളോടെ നവംബർ 15ാം തീയതി മുതൽ തുറക്കാനാണ് അനുമതി. നാനൂറും അതിലധികം പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളവയാകും ആദ്യഘട്ടത്തിൽ തുറക്കുക. അഞ്ചു നേരത്തേ നമസ്കാരത്തിന് മാത്രമാണ് അനുമതിയുള്ളത്. ജുമുഅ പ്രാർഥനക്ക് അനുവാദം നൽകിയിട്ടില്ല.
ഒാരോ നമസ്കാരത്തിനുമായി പരമാവധി 25 മിനിറ്റ് മാത്രമാണ് തുറക്കുക. ഇൗ സമയത്തിനുള്ളിൽ ബാങ്ക് കൊടുത്ത് നമസ്കാരം പൂർത്തിയാക്കി ആളുകൾ പുറത്തുകടക്കണം. സ്വന്തമോ അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കോ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ പോകരുത്. പള്ളികളിൽ ഖുർആൻ വെക്കരുത്. പ്രാർഥനക്ക് എത്തുന്നവർ സ്വന്തം ഖുർആൻ കൊണ്ടുവരികയോ അല്ലെങ്കിൽ മൊബൈലിൽ ഡൗൺലോഡ് ചെയ്ത ഖുർആൻ ഉപയോഗിക്കുകയോ വേണം. സ്വന്തം മുസല്ലയും കൊണ്ടുവരണം.
വാട്ടർ കൂളറുകൾ അടച്ചുവെക്കണം. ടോയ്ലെറ്റുകളും ഉപയോഗിക്കാൻ അനുവദിക്കില്ല. പള്ളിക്കുള്ളിൽ മുഖാവരണം ധരിക്കേണ്ടത് നിർബന്ധമാണ്. പ്രവേശിക്കുേമ്പാഴും പുറത്തിറങ്ങുേമ്പാഴും കൈകൾ സാനിറ്റൈസ് ചെയ്യണം. നമസ്കരിക്കാൻ നിൽക്കുേമ്പാൾ കുറഞ്ഞത് ഒന്നര മീറ്ററെങ്കിലും അകലം പാലിക്കണം. ഒൗഖാഫ് മതകാര്യ മന്ത്രാലയം തയാറാക്കിയ ഇൗ മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം പള്ളികളുടെ ചുമതലപ്പെട്ടവർക്കാണെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഏഴ് മാസത്തെ ഇടവേളക്ക് ശേഷമാണ് മസ്ജിദുകൾ തുറക്കാൻ ഒരുങ്ങുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് പകുതിയോടെയാണ് ആരാധനാലയങ്ങൾ അടച്ചിടാൻ സുപ്രീം കമ്മിറ്റി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.