ഒമാനും എണ്ണ ഉൽപാദനം വെട്ടിക്കുറച്ചു; വില ഉയരുന്നു
text_fieldsമസ്കത്ത്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒമാൻ ഊർജ ധാതു മന്ത്രാലയം സ്വമേധയാ തീരുമാനിച്ചു. അടുത്ത വർഷം ഡിസംബർ അവസാനംവരെ പ്രതിദിനം 40,000 ബാരൽ എണ്ണയുടെ ഉൽപാദനമാണ് കുറക്കുക. ഒപെക് അംഗ രാജ്യങ്ങളുമായി സഹകരിച്ച് മുൻകരുതൽ എന്ന നിലക്കാണ് ഉൽപാദനം വെട്ടിക്കുറക്കുന്നത്. ഇതോടെ ഒമാൻ എണ്ണവിലയും ഉയർന്നു. ഒറ്റ ദിവസംകൊണ്ട് ഒമാൻ എണ്ണക്ക് ബാരലിന് 3.25 ഡോളറാണ് വർധിച്ചത്. എണ്ണവില തിങ്കളാഴ്ച ബാരലിന് 76.51 ഡോളറിലെത്തി. ബാരലിന് 73.26 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ വില. ഉൽപാദനം കുറക്കുന്നത് ആഗോള മാർക്കറ്റിൽ എണ്ണ കമ്മിയുണ്ടാകാൻ കാരണമാവും.
എണ്ണ ഉൽപാദനം കുറയുന്നതോടെ ജൂലൈ മുതൽ എണ്ണവില വർധിക്കും. ഈ വർഷം അവസാനത്തോടെ എണ്ണവില ബാരലിന് 100 ഡോളറിലെത്തുമെന്നും കരുതുന്നു. ഒപെകിന്റെ 35ാമത് സമ്മേളനം എണ്ണ ഉൽപാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. സൗദി അറേബ്യ, കുവൈത്ത്, അൽജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളും നിലവിൽ ഉൽപാദനം സ്വമേധയാ കുറച്ചിട്ടുണ്ട്.
നിലവിൽ കൂടുതൽ എണ്ണ ഉപയോഗിക്കുന്നത് ചൈനയാണ്. റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണ ഉൽപാദനം മാർക്കറ്റിൽ തികയില്ല. അതിനാൽ ഈ വർഷം രണ്ടാം പകുതി മുതൽതന്നെ 96 ഡോളറിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഉൽപാദനം കുറക്കുന്നത് എണ്ണവില വർധിക്കാനും അതുവഴി ഉൽപാദന രാജ്യങ്ങൾക്ക് അനുഗ്രഹമാവുകയും ചെയ്യും. അത്തരം രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് വില വർധന സഹായകമാവും. എന്നാൽ, എണ്ണവില വർധിക്കുന്നത് ഉപഭോഗ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ തകരാറിലാക്കും. ഇത്തരം രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യം അടക്കമുള്ള പ്രതിസന്ധികൾ ഉണ്ടാകാനുള്ള സാധ്യതയും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.