സഹകരണം വർധിപ്പിച്ച് ഒമാനും ഈജിപ്തും
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ സഹകരണങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനും ഈജിപ്തും നിരവധി കരാറുകളിൽ ഒപ്പുവെച്ചു. വ്യാപാര മത്സരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക, നിക്ഷേപ പ്രോത്സാഹനം, കയറ്റുമതി വികസനം, വ്യവസായിക മേഖലകൾ സ്ഥാപിക്കുക, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. സമുദ്രഗതാഗതം, തുറമുഖങ്ങൾ, ജ്യോതിശാസ്ത്ര, ഭൗമ-ഭൗതിക ഗവേഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണങ്ങൾക്കും ധാരണയായിട്ടുണ്ട്. അൽആലം പാലസിൽ നടന്ന ചടങ്ങിലായിരുന്നു കരാറുകളിലും ധാരണപത്രത്തിലും ഒപ്പുവെച്ചത്.
കരാറുകളും ധാരണപത്രങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ വലിയൊരു കൂട്ടിച്ചേർക്കലാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പറഞ്ഞു. സംയുക്ത ഒമാൻ-ഈജിപ്ത് കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ വ്യാപാര നിക്ഷേപ വിനിമയത്തിന്റെ അളവ് ഇരട്ടിയാക്കാൻ നോക്കുകയാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഈജിപ്ത് പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ സുൽത്താനേറ്റിൽ എത്തിയ അദ്ദേഹം സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉൗഷ്മളമായ ബന്ധത്തെക്കുറിച്ചും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളെ പറ്റിയും ഇരുവരും വീക്ഷണങ്ങൾ കൈമാറുകയും ചെയ്തു. റോയൽ എയർപോർട്ടിൽ എത്തിയ അബ്ദുല്‍ ഫത്താഹ് അല്‍ സീസിയെയും സംഘത്തെയും സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. ഈജിപ്ത് വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി, പ്രസിഡൻറ് ഓഫിസ് മേധാവി മേജർ ജനറൽ സ്റ്റാഫ് അഹമ്മദ് മുഹമ്മദ് അലി, ആസൂത്രണ സാമ്പത്തിക വികസനമന്ത്രി ഡോ. ഹലാ അൽസഈദി, ഇന്റലിജൻസ് സർവിസ് മേധാവി മേജർ ജനറൽ അബ്ബാസ് കമാൽ, ഒമാനിലെ ഈജിപ്ത് അംബാസഡർ ഖാലിദ് റാദി, പ്രസിഡന്‍റിന്റെ വക്താവ് അംബാസഡർ ബസ്സാം റാദി തുടങ്ങിയവരായിരുന്നു ഈജിപ്ത് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.