വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണത്തിന് ഒമാനും ഇന്ത്യയും
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ തന്ത്രപരമായ സഹകരണം ലക്ഷ്യമിട്ട് ഒമാനും ഇന്ത്യയും ഒരു സുപ്രധാന കരാറിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. സംസ്കാരം, ആശയവിനിമയം, വിവരസാങ്കേതികവിദ്യ, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം എന്നീമേഖലകളുമായി ബന്ധപ്പെട്ടാണ് കരാറിലും ധാരണപത്രങ്ങളിലും എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ത്രിദിന സന്ദർശനത്തിനായെത്തിയ സുൽത്താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം, സുരക്ഷ, പ്രതിരോധം, വ്യാപാരം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷിബന്ധം നേതാക്കൾ അവലോകനം ചെയ്തു.
വിവിധ മേഖലകളിൽ അവവികസിപ്പിക്കുന്നതിനെപറ്റിയും ചർച്ചചെയ്തു. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി.
യോഗത്തിൽ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്പെഷൽ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഇന്ത്യയിൽനിന്നുള്ള നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. സുൽത്താനും പ്രധാനമന്ത്രിയും പിന്നീട് സ്വകാര്യ കൂടിക്കാഴ്ചയും നടത്തി.
രാഷ്ട്രപതി ഭവനിൽ ഉജ്ജ്വല വരവേൽപ്
സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപത്രി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ചേർന്ന് ഔദ്യോഗിക ചടങ്ങുകളോടെയാണ് രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചത്. ഗാർഡ് ഓഫ് ഓണറും സുൽത്താൻ പരിശോധിച്ചു. സുൽത്താനെ വഹിച്ചുള്ള വാഹനം രാഷ്ട്രപതി ഭവന്റെ കവാടത്തിൽ പ്രവേശിച്ചപ്പോൾ അഭിവാദ്യമർപ്പിച്ച് പീരങ്കികൾ ഇരുപത്തിയൊന്ന് റൗണ്ട് വെടിയുതിർത്തു.
സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു. ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക് മടങ്ങും. പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി സുൽത്താൻ വെള്ളിയാഴ്ചയാണ് ഇന്ത്യയിലെത്തിയത്.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, സ്വകാര്യ ഓഫിസ് മേധാവി ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒ.ഐ.എ) ചെയർമാൻ അബ്ദുൽസലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി എൻജിനീയർ ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഊർജ, ധാതു മന്ത്രി എൻജിനീയർ സലിം ബിൻ നാസർ അൽ ഔഫി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര, അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർ-അറ്റ്-ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിനായി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.