ബഹിരാകാശ മേഖലയിൽ ഒമാനും ഇന്ത്യയും സഹകരണത്തിന്
text_fieldsമസ്കത്ത്: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചെയർമാൻ എസ്. സോമനാഥും പ്രതിനിധി സംഘവും ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ഹമൂദ് അൽ മവാലിയുമായി കൂടിക്കാഴ്ച നടത്തി. ബഹിരാകാശ, വാർത്താവിനിമയ, വിവരസാങ്കേതിക രംഗത്തെ സഹകരണത്തെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ അവലോകനംചെയ്തു.
പൊതുതാൽപര്യമുള്ള വിവിധ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. യോഗത്തിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിക്കുള്ള ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. അലി അമർ അൽ ഷിധാനി, മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ബഹിരാകാശ ഗവേഷണ പരിപാടിയിൽ ഒമാനെ സഹായിക്കാൻ തയാറാണെന്ന് ഐ.എസ്.ആർ.ഒ ഈ വർഷം ജനുവരിയിൽ അറിയിച്ചിരുന്നു. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തേക്ക് അറബ് മാധ്യമപ്രവർത്തകർ നടത്തിയ സന്ദർശനത്തിനിടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട് 2018ൽ ഒമാനും ഇന്ത്യയും ധാരണയിൽ എത്തിയിരുന്നു. പിന്നീട് ഇന്ത്യൻ കാബിനറ്റ് അംഗീകരിച്ചതോടെ, ഐ.എസ്.ആർ.ഒയുടെ സഹായം തേടാനുള്ള വാതിലുകൾ ഒമാനിന് തുറന്നുകൊടുക്കുകയായിരുന്നു. അടുത്തിടെ ഒമാനിൽനിന്നുള്ള ഒരു പ്രതിനിധിസംഘം ഐ.എസ്.ആർ.ഒ സന്ദർശിക്കുകയും ബഹിരാകാശ പരിപാടിയിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒമാൻ വിഷൻ 2040ന് അനുസൃതമായി, ബഹിരാകാശ ഗവേഷണത്തിൽ പര്യവേക്ഷണം ചെയ്തുകൊണ്ടിരിക്കുകയാണ് ഒമാൻ. കൂടാതെ ഉടൻ ഒരുപഗ്രഹം വിക്ഷേപിക്കാനുള്ള അഭിലാഷത്തിലുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.