വികസന വഴിയിൽ കൈകോർത്ത് ഒമാനും കുവൈത്തും
text_fieldsമസ്കത്ത്: വികസന വഴിയിൽ കൈകോർത്ത് സഹോദര രാജ്യങ്ങളായ ഒമാനും കുവൈത്തും. ഇരുരാജ്യങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഒന്നിച്ചുള്ള ഈ മുന്നേറ്റം. ഉഭയകക്ഷി ബന്ധങ്ങളിൽ പുതിയ അധ്യായമാകും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ തിങ്കളാഴ്ചത്തെ കുവൈത്ത് സന്ദർശനം. ഇരുരാജ്യങ്ങളുടെയും വിദേശനയത്തിലെയും നയതന്ത്രത്തിലേയും സമാനതകൾ നിരീക്ഷകർക്കിടയിൽ പ്രശംസയർഹിക്കുന്നതാണ്.പ്രാദേശികവും ആഗോളവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒമാന്റെയും കുവൈത്തിന്റെയും നിലപാടുകൾ മാതൃകയായി പലരും ചൂണ്ടിക്കാണിക്കാറുമുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും വാണിജ്യം, വ്യവസായം, സംസ്കാരം, വിനോദസഞ്ചാരം, ശാസ്ത്ര ഗവേഷണം, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ വികസനം ലക്ഷ്യമിട്ട് 2003ലാണ് ഒരു സംയുക്തസമിതി രൂപവത്കരിച്ചത്. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്തസമിതി വിവിധ മേഖലകളിൽ ബന്ധങ്ങളും സഹകരണവും വികസിപ്പിക്കുന്നതിന് സംഭാവന അർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ദുകം സാമ്പത്തിക മേഖലയിൽ, പ്രത്യകിച്ച് ദുകം റിഫൈനറിയിലും സംയുക്ത സംരംഭങ്ങൾ ഏറ്റെടുത്തതിന് ശേഷം സാമ്പത്തിക ബന്ധങ്ങൾ ഗണ്യമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു. സുൽത്താന്റെ കുവൈത്ത് സന്ദർശനത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് കുവൈത്തിലെ ഒമാൻ അംബാസഡർ ഡോ.സാലിഹ് ബിൻ അമർ അൽ ഖറൂസി പറഞ്ഞു. കുവൈത്തും ഒമാനും സമാനമായ വിദേശ നയ തത്ത്വങ്ങൾ പങ്കിടുന്നതിനാൽ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഏകോപനം തുടരുകയാണെന്നും അംബാസഡർ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവൻമാരുടെ രക്ഷാകർതൃത്വത്തിലാണ് ദുകം റിഫൈനറി നാടിന് സമർപ്പിച്ചത്. ഒമ്പത് ശതകോടി ഡോളറിന്റെ സംയുക്ത നിക്ഷേപമാണ് ഈ പദ്ധതി. ജി.സി.സി മേഖലയിലെ ഏറ്റവും വലിയ സംയുക്ത നിക്ഷേപമായാണ് ഇത് കണക്കാക്കപ്പെടുന്നതെന്ന് അൽ ഖറൂസി പറഞ്ഞു.
ഇരുരാജ്യങ്ങളും നിലവിൽ സംയുക്ത സാമ്പത്തിക പദ്ധതികൾ നടപ്പാക്കിവരുകയാണെന്നും സുൽത്താന്റെ കുവൈത്ത് സന്ദർശനം സാമ്പത്തിക, സാംസ്കാരിക, കലാ രംഗങ്ങളിൽ നിരവധി ധാരണാപത്രങ്ങളിലും മറ്റും ഒപ്പുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര വിനിമയത്തിന്റെ അളവിൽ വർധനവാണുണ്ടായിട്ടുള്ളത്. നിർമാണം, റിയൽ എസ്റ്റേറ്റ്, ഹോട്ടലുകൾ, വ്യാപാരം തുടങ്ങിയവയിലാണ് കുവൈത്തിന്റെ ഒമാനിലെ നേരിട്ടുള്ള നിക്ഷേപം. 2022ൽ കുവൈത്തിൽനിന്നും 32,000 വിനോദസഞ്ചാരികളാണ് സുൽത്താനേറ്റിൽ എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 40,000 ആയി ഉയർന്നതായി അംബാസഡർ പറഞ്ഞു. കുവൈത്തിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർധിപ്പിക്കുന്നതിനായി ഒമാൻ എംബസി, പൈതൃക, ടൂറിസം മന്ത്രാലയവുമായും ദോഫാർ മുനിസിപ്പാലിറ്റിയുമായും ഏകോപിപ്പിച്ച് ഈ മാസം ഒരു പ്രമോഷൻ കാമ്പയിൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സുൽത്താന്റെ കുവൈത്ത് സന്ദർശനം രാജ്യത്തെ നേതൃത്വങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് ഒമാനിലെ കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് ബിൻ നാസർ അൽ ഹജ്രി പറഞ്ഞു. ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുരാതനവും ആഴത്തിലുള്ളതുമായ ബന്ധങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ചരിത്രപരമായ ഒരു സന്ദർശനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.