ഹജ്ജ്, ഉംറ; സഹകരണം ശക്തിപ്പെടുത്തി ഒമാനും സൗദിയും
text_fieldsമസ്കത്ത്: സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിലെയും ഒമാൻ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ മസ്കത്തിൽ ചർച്ച നടത്തി.
ഹജ്ജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ചകൾ നടന്നത്.
ഒമാനി പക്ഷത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മാരിയും സൗദിയെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ഫൗസാൻ അൽ റബിഅയുമായിരുന്നു നയിച്ചിരുന്നത്. തീർഥാടകർക്ക് ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ തങ്ങളുടെ പങ്ക് പരസ്പര പൂരകമാണെന്ന് ഇരുപക്ഷവും സംയുക്ത പത്രപ്രസ്താവനയിൽ വ്യക്തമാക്കി. സുൽത്താനേറ്റിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്ക് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യമായ പിന്തുണയും സേവനങ്ങളും നൽകും. 2025ലെ തീർഥാടന സീസൺ മുതൽ ഈ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വരും.
ഒമാനിലെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തിന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വിലമതിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
റുബൂഉലഖാലി അതിർത്തി ചെക്ക് പോയിന്റ് വഴി തീർഥാടകരുടെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും പരിശോധിച്ചു. ചെക്ക്പോസ്റ്റിന്റെ ശേഷി പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ബാച്ചുകളായി തീർഥാടകരെ അയക്കുന്ന രീതിയെ കുറിച്ചും ചർച്ച ചെയ്തു.
ഹജ്ജ്, ഉംറ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജിദ്ദയിൽനിന്ന് ദോഫാർ ഗവർണറേറ്റിലെ സലാലയിലേക്ക് ഷെഡ്യൂൾ വിമാനങ്ങൾ ആരംഭിക്കുമെന്ന ഫ്ലൈനാസിന്റെ പ്രഖ്യാപനവും പ്രസ്താവനയിലുണ്ട്. സൗദി അറേബ്യയിലേക്കുള്ള സന്ദർശകരുടെ വരവ് കാര്യക്ഷമമാക്കാൻ ഒമാനിൽ 2024 ആദ്യ പാദത്തിൽ വിസ ഓഫിസ് തുറക്കുമെന്നും പ്രഖ്യാപിച്ചു.
തീർഥാടകരുടെ കാര്യങ്ങളും സുൽത്താനേറ്റിൽ നിന്നുള്ള ഹജ്ജ്, ഉംറ കമ്പനികളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളുമായി ചർച്ചകൾ നടത്തി ഇരുപക്ഷവും ആശയവിനിമയം വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.